X

ഇന്ന് മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോയിന്റ് ടേബിള്‍ പരിശോധിക്കുക. രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പത്ത് ടീമുകളുടെ ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ്, പത്താം സ്ഥാനത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. അഞ്ച് തവണ കിരീടം ഉയര്‍ത്തിയ രോഹിത് ശര്‍മയുടെ മുംബൈ സംഘം സീസണില്‍ ഇതിനകം രണ്ട് മല്‍സരങ്ങള്‍ കളിച്ചു. രണ്ടിലും തല ഉയര്‍ത്താനായില്ല. റിക്കി പോണ്ടിംഗ്, സൗരവ് ഗാംഗുലി തുടങ്ങിയ വമ്പന്മാരുടെ അണിയറയില്‍ ഒരുങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ മൂന്ന് മല്‍സരങ്ങള്‍ കളിച്ചു. മൂന്നിലും പരജായം. ഒരു പോയിന്റ്് പോലും ഇത് വരെ സമ്പാദിക്കാന്‍ കഴിയാത്ത രണ്ട് വമ്പന്മാര്‍ തമ്മില്‍ ഇന്ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം എന്ന പഴയ ഫിറോസ് ഷാ കോട്ലയില്‍ നേര്‍ക്കുനേര്‍.

പഴയ വീര്യവും ആത്മവിശ്വാസവുമൊന്നും രണ്ട് ടീമുകള്‍ക്കും ഇപ്പോഴില്ല. ഇത് മറ്റാരേക്കാളും അവര്‍ക്ക് തന്നെ നന്നായി അറിയാം. രോഹിത് ശര്‍മയിലെ നായകന്‍ ഇപ്പോള്‍ സംസാരത്തില്‍ മാത്രമാണ് മുന്നില്‍. ഓപ്പണറായി ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റ് സംസാരിക്കുന്നതേയില്ല. ഇഷാന്‍ കിഷനിലെ ഓപ്പണര്‍ മാനേജ്മെന്റ് താല്‍പ്പര്യത്തില്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തുന്ന വ്യക്തിയാണ്. തിലക് വര്‍മ എന്ന യുവതാരം മാത്രമാണ് രണ്ട് കളികളിലും സാമാന്യം മെച്ചപ്പെട്ട പ്രകടനം നടത്തിയത്. ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ വിദേശ താരങ്ങളും സൂര്യകുമാര്‍ യാദവ് എന്ന ഇന്ത്യന്‍ ബാറ്ററും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. രോഹിതിന് നല് തുടക്കം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ പിന്നീട് വരുന്നവരെല്ലാം സമ്മര്‍ദ്ദത്തിലാവുന്നു. ഇതേ ബാറ്റിംഗ് പ്രശ്നം ഡല്‍ഹിക്കുമുണ്ട്. നായകന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഫോമില്‍ കളിക്കുന്നത്. പക്ഷേ വാര്‍ണര്‍ക്ക് തനിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കാനാവുന്നില്ല. മിച്ചല്‍ മാര്‍ഷ്, മനീഷ് പാണ്‍ഡെ, റോവ്മാന്‍ പവല്‍, റിലേ റുസോ എന്നിവര്‍ക്കൊന്നും വലിയ സ്‌ക്കോര്‍ നേടാനാവുന്നില്ല. ഇന്നിംഗ്സിന് തുടക്കമിടുന്ന പ്രിഥ്വി ഷാ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ പ്രകടമാക്കിയ ദയനീയത ടീം മാനേജ്മെന്റിനെ ആശങ്കപ്പെടുത്തുന്നു. ബൗളിംഗില്‍ പക്ഷേ രണ്ട് ടീമിലും നല്ല താരങ്ങളുണ്ട്. ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ലുന്‍ഗി എന്‍ഗിടി, ആന്റിച്ച് നോര്‍ത്ജെ, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ഡല്‍ഹി സംഘത്തിലുണ്ടെങ്കില്‍ മുംബൈ ബൗളിംഗ് നിരയില്‍ ജോഫ്രെ ആര്‍ച്ചര്‍, അര്‍ഷദ് ഖാന്‍, ജാസോണ്‍ ബെഹന്‍ഡ്രോഫ് എന്നിവരുണ്ട്.

webdesk11: