മുംബൈ: മുംബൈയിലെ കിഴക്കന്‍ അന്ധേരിയില്‍ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ദേവ്‌രാജ് നാഗ് എന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം നടന്നത്. കുഞ്ഞ് സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ വീടിന് അടുത്തുള്ള പട്ടേല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് അന്ധേരിയിലുള്ള ക്രിട്ടികെയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ക്രിട്ടികെയര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്.
ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തന്നെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. നാനാവതിയിലെത്തിയപ്പോഴെക്കും മരണം സംഭവിച്ചു. ദേവ്‌രാജിന്റെ പിതാവ് പാന്‍ വില്‍പനക്കാരനാണ്. മൂന്ന് സഹോദരങ്ങളുമുണ്ട്.
ഞങ്ങള്‍ ബലൂണ്‍ പുറത്തെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനു കഴിഞ്ഞില്ല. ആശുപത്രിയിലെത്തിച്ചെങ്കിലു ജീവന്‍ രക്ഷിക്കാനായില്ല. ബലൂണ്‍ ശ്വസനനാളത്തിലേക്ക് കടന്നതാണ് പ്രശ്‌നമായത്- അച്ഛന്‍ രാജാറാം മിഡ് ഡേയോട് പറഞ്ഞു. ശ്വസിക്കാന്‍ ബുദ്ധിമുട്ടിയാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്്.