പാലക്കാട്: പകുതിവില തട്ടിപ്പിന് പിന്നാലെ കേരളത്തിലെ മറ്റൊരു വമ്പന്‍ തട്ടിപ്പിന്റെ ചുരുളഴിയുന്നു. മുന്നൂറുകോടി രൂപയുടെ തട്ടിപ്പ് കേരളത്തില്‍ മൊത്തത്തില്‍ നടന്നതായി സൂചന ലഭിച്ചു. കേന്ദ്രകൃഷിവകുപ്പിന് കീഴിലെ പുതിയ വ്യവസ്ഥയനുസരിച്ച് നിക്ഷേപം ആകര്‍ഷിച്ചാണ് മൂന്നുപേരടങ്ങുന്ന സംഘം തട്ടിപ്പ് നടത്തിയത്. പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 30 കോടിരൂപ നിക്ഷേപയിനത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്. അഖിന്‍തോമസ്, രാജീവ്ചന്ദ്രശേഖരന്‍, റോബിന്‍, രഞ്ജിതോമസ് എന്നിവരാണ് തട്ടിപ്പിന് ചുക്കാന്‍പിടിച്ചത്.
പലരില്‍ നിന്നായി കോടികളാണ് നിക്ഷേപയിനത്തില്‍ ഇവര്‍ സമ്പാദിച്ചത്. തുക എവിടെയെന്ന് ഇതുവരെയും വ്യക്തമല്ല. പൊലീസില്‍ പരാതി നല്‍കാനും ആരും കാര്യമായി തയ്യാറായിട്ടുമില്ല. ഒരു ടി.വി ചാനല്‍ തുടങ്ങുന്നതിനായി 70 കോടിരൂപ ഇതില്‍ നിന്ന് ഉപയോഗിച്ചതായാണ് വിവരം. ചാനലിന്റെ ഓഫീസുകള്‍ സംസ്ഥാനത്തിന്റെ പലയിടത്തും തുറന്നെങ്കിലും പ്രവര്‍ത്തനക്ഷമമാകാതെ നിര്‍ത്തിവെക്കേണ്ടി വന്നു. പ്രതികള്‍ എല്ലാവരും ഒളിവിലാണ്.
പാലക്കാട്ടെ പ്രമുഖ അഭിഭാഷകനടക്കം തട്ടിപ്പിനിരയായതായി വിവരമുണ്ട്. ലക്ഷങ്ങള്‍ നിക്ഷേപമായി നല്‍കിയവര്‍ ഇപ്പോള്‍ എങ്ങനെ പണം തിരിച്ചുകിട്ടുമെന്ന ആശങ്കയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയനുസരിച്ചാണ് നിയമപ്രകാരം സൊസൈറ്റി ആരംഭിച്ചതെങ്കിലും ഇതിന് റിസര്‍വ് ബാങ്കിന്റെ ഒരു നിയന്ത്രണവുമില്ലാതെയിരുന്നതാണ് തട്ടിപ്പുകാര്‍ക്ക് സഹായകമായത്. ഇതുസംബന്ധിച്ച ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് രഹസ്യന്വേഷണ വിഭാഗം നിരീക്ഷിച്ചുവരുന്നതായി അറിയുന്നു.