തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിനടുത്തുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതിയതായി അറിയിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ രേഖകള്‍ പുറത്തായി. മരംമുറിക്കാന്‍ സെപ്തംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനമായതായി അറിയിച്ച് സര്‍ക്കാറിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പാണ് പുറത്തായത്.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് ചില മരങ്ങള്‍ മുറിക്കാന്‍ സെപ്തംബര്‍ 17ന് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ അനുമതി നല്‍കിയെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിനായി കൃത്യമായ ഒരു ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കാന്‍ തമിഴ്‌നാടിനോട് നിര്‍ദേശിച്ചതായും കുറിപ്പിലുണ്ട്. എന്നാല്‍ കൃത്യമായ ഫോര്‍മാറ്റ് തമിഴ്‌നാട് ഇതുവരെ തന്നിട്ടില്ല.
മരംമുറി ഉത്തരവ് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നാണ് സര്‍ക്കാരും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞത്. അനുമതി നല്‍കിയ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കുകയും ചെയ്തു.
എന്നാല്‍ മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്‌നാടും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നതിന്റെ നിരവധി രേഖകളാണ് പുറത്തുവന്നത്. ബെന്നിച്ചന്‍ തോമസ് വനംവകുപ്പിന് നല്‍കിയ കത്തില്‍ പറയുന്നത് കഴിഞ്ഞ മെയ് മുതല്‍ മരംമുറിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പും വനംവകുപ്പും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നാണ്. ഈ ചര്‍ച്ചകളില്‍ എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ബെന്നിച്ചന്‍ തോമസ് മരംമുറിക്കാനുള്ള ഉത്തരവ് നല്‍കിയത്.
അതേസമയം വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന നുണ ആവര്‍ത്തിക്കുക തന്നെയാണ് മന്ത്രി റോഷി അഗസ്റ്റിന്‍.