X

മരംമുറി ഉത്തരവ് ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു; നവംബര്‍ ഒന്നിന് സര്‍ക്കാര്‍ യോഗം ചേര്‍ന്നതിന്റെ രേഖ പുറത്ത്

തിരുവനന്തപുരം: ബേബിഡാമിനോടു ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ യോഗം ചേര്‍ന്നില്ലെന്ന വാദം പൊളിയുന്നു. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന്റെ സര്‍ക്കാര്‍ രേഖ പുറത്തായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന് ചീഫ് വൈല്‍ഡ്‌ലൈഫ് ഓഫിസര്‍ ബെന്നിച്ചന്‍ തോമസ് നല്‍കിയ കത്തിലാണ് യോഗം സംബന്ധിച്ച് പരാമര്‍ശമുള്ളത്.

മരംമുറി ഉത്തരവിന് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടേയോ വകുപ്പ് മന്ത്രിമാരുടേയോ അനുമതിയോടെയല്ലെന്നും ഉത്തരവിന് മുമ്പ് സര്‍ക്കാര്‍ യോഗം ചേര്‍ന്നിരുന്നില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ഈ വാദമാണ് പൊളിഞ്ഞത്.

എല്ലാ ഉത്തരവാദിത്വവും വനംവകുപ്പിന്റെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടാനായിരുന്നു ജലസേചന വകുപ്പ് ശ്രമിച്ചത്. ഈ രേഖ പുറത്തുവന്നതോടെ ജലസേചന വകുപ്പും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

നവംബര്‍ അഞ്ചിന് വൈല്‍ഡ്‌ലൈഫ് ഓഫീസര്‍ ബെന്നിച്ചന്‍ തോമസാണ് മരം മുറക്കാനുള്ള ഉത്തരവ് നല്‍കിയതെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ജലസേചന വകുപ്പിന്റെ കൂടി അനുമതി നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തില്‍ ലഭിച്ച ശേഷമാണ് ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയത്. ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞിരുന്നത്.

മരംമുറി സംബന്ധിച്ച് സംയുക്ത പരിശോധന നടന്നില്ലെന്ന് നേരത്തെ വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ സംയുക്ത പരിശോധന നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ടതോടെ മന്ത്രി തിരുത്തി.

web desk 1: