X

ഉറ്റവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിപ്പൊട്ടി യു.ഡി.എഫ് നേതാക്കള്‍


കാസര്‍കോട്: കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ പൊട്ടിക്കരഞ്ഞ് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. പൊട്ടിക്കരയുന്ന രക്ഷിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിക്കരയുകയായിരുന്നു നേതാക്കള്‍. നാടിനെ നടുക്കിയ അതിദാരുണമായ കൊലപാതക വാര്‍ത്ത പരന്നതുമുതല്‍ നേതാക്കളുടെ കുത്തൊഴുക്കായിരുന്നു പെരിയയിലേക്ക്. ജനമഹായാത്ര റദ്ദാക്കിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍കോട്ടെത്തിയത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടി എ. അബ്ദുല്‍ റഹ്മാന്‍ അടക്കമുള്ള നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഇരുവരെയും കൊല്ലും എന്നുറപ്പായ ഘട്ടത്തില്‍ നഷ്ടപരിഹാരം വരെ നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സി.പി.എം വഴങ്ങിയില്ലെന്ന് ശരത് ലാലിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. കൃപേഷ് കൊല്ലപ്പെടുന്നത് ഒഴിവാക്കാനായി ഇനി അക്രമങ്ങളില്‍ പെട്ടാല്‍ വീട്ടില്‍ കയറ്റില്ലെന്ന് അച്ഛന്‍ കൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പിതാവ് വിശദമാക്കി.

chandrika: