തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ ലക്ഷ്യം വെച്ച് യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും തടയാന്‍ സംഘപരിവാറും എത്തുമെന്നുള്ള വിവരങ്ങള്‍ ആശങ്കാ ജനകമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ ആട്ടിയോടിക്കുന്നത് അംഗീകരിക്കാനാകില്ല. സാമുദായിക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനു പകരം ശബരിമലയില്‍ സമാധാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ബി.ജെ.പിയും സംഘപരിവാറും പരിശ്രമിക്കുകയാണ്. അമിത്ഷാ കേരളത്തില്‍ വന്നതും ഗൂഢലക്ഷ്യത്തോടെയാണ്. ശബരിമലയില്‍ നടപ്പാക്കേണ്ട തന്ത്രം അവര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പക്വതയോടെ പെരുമാറണം.
ശബരിമലയില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. സംഘപരിവാറുമായുള്ള യാതൊരും കൂട്ടുകെട്ടിനും തയ്യാറല്ല. സി.പി.ഐയും ജനതാദളും (സെക്കുലര്‍) വിഷയത്തില്‍ മൗനം വെടിയണം. വിഷയത്തില്‍ പ്രായോഗികമായ നിലപാടെടുക്കാന്‍ ഇരുകൂട്ടരും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.