ന്യുഡല്‍ഹി: ബി.ജെ.പിയും സി.പി.എമ്മും ശബരിമലയുടെ പേരില്‍ കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുകയാണന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി കേരളം കലാപഭൂമിയായി മാറി. നാടിനെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട് എന്ത് നവോത്ഥാനമാണ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളുടെ തീക്ഷണമായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പരാജയപ്പെട്ട ഭരണാധികള്‍ സ്വീകരിക്കുന്ന രീതി തന്നെയാണ് മുഖ്യമന്ത്രിയും സ്വീകരിക്കുന്നതന്നും മുല്ലപ്പള്ളി പറഞ്ഞു.
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയുമടക്കം ആക്രമിക്കുകയാണ്. ഇതിനെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി അപലപിക്കുന്നു.
ബി.ജെ.പി ആര്‍.എസ്.എസ് നടത്തുന്ന അക്രമണങ്ങളെ ശക്തമായി കോണ്‍ഗ്രസ് എതിര്‍ക്കുന്നു. നാഗ്പൂരില്‍ നിന്നുള്ള നിര്‍ദ്ദേശത്തിലാണാ അക്രമം അഴിച്ചുവിടുന്നതെന്ന് തോന്നി പോവുകയാണന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും തനിനിറം ജനങ്ങള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുറന്നു കാട്ടും. യു.ഡി.എഫ് എംപിമാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് അക്രമങ്ങള്‍ അവസാനിച്ചു കാണാനുള്ള സദുദ്ദേശത്തോടെയാണന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.