തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ നേരത്തെ ഒളിച്ചുകളി നടത്തി. ദേശീയ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും. മുഖ്യമന്ത്രിയെയും കസ്റ്റഡിയില്‍ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും രംഗത്തെത്തി. സ്വപ്ന സുരേഷിന്റെ കള്ളപ്പണത്തിന് മുഖ്യമന്ത്രിയും ശിവശങ്കറും കാവല്‍കാരാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അജണ്ടക്കനുസരിച്ച് കോവിഡ് ടെസ്റ്റുകള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ സര്‍വ്വാധികാരിയായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കള്ളപ്പണത്തിന്റെ കാവല്‍ക്കാരനായി മുഖ്യമന്ത്രി മാറ്റിയെന്നും ഇതൊരു അധോലോക സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടു. കര്‍ശന നിബന്ധനകളോടെയാണ് കസ്റ്റഡിയില്‍ വിട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്നും വൈകീട്ട് ആറ് മണിവരെ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.