X

ജലീലിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണം; ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെയെന്തിനാണ് ജലീല്‍ തലയില്‍ മുണ്ടിട്ട് പോയത്; മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെടി ജലീലിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെയെന്തിനാണ് ജലീല്‍ ഒളിത്തുകളിക്കുന്നത്. എന്‍ഐഎയുടെ ചോദ്യംചെയ്യല്‍ അതീവ ഗുരുതരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ്. നാല് മന്ത്രിമാരാണ് സംശയ നിഴലിലുള്ളത്. മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുന്നതെന്തിനാണ്. മന്ത്രി ജലീലിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ എന്‍ഐഎ സംഘം ഇഡി ശേഖരിച്ച വിവരങ്ങള്‍ മുഴുവന്‍ പരിശോധിച്ചിരുന്നു. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നാണ് എന്‍ഐഎ സംശയിക്കുന്നത്. മതഗ്രന്ഥങ്ങളുടെ തൂക്കവും വന്ന പാര്‍സലിന്റെ തൂക്കവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. ഇതാണ് മന്ത്രിക്ക് കുരുക്കാവുന്നത്.

നേരത്തെ അരൂരിലെ ഒരു വ്യവസായിയുടെ വാഹനത്തിലാണ് മന്ത്രിയെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ എറണാകുളത്തെ സിപിഎം നേതാവായ യൂസുഫിന്റെ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് എത്തിയത്. മലപ്പുറത്തെ അഡ്രസില്‍ കത്ത് കിട്ടിയത് കൊണ്ടാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയത് എന്നായിരുന്നു അന്ന് മന്ത്രി അതിന് ന്യായീകരണം പറഞ്ഞിരുന്നത്. ഇന്നും ഔദ്യോഗിക വാഹനം ഒഴിവാക്കിയെത്തിയതിന് എന്ത് ന്യായീകരണം മന്ത്രി പറയുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എന്‍ഐഎ ഓഫീസിന്റെ സുരക്ഷ ശക്തമാക്കി. കൂടുതല്‍ പൊലീസുകാരെ ഓഫീസിന് മുന്നില്‍ വിന്യസിച്ചു. കൂടാതെ ബാരിക്കേഡുകളും സ്ഥാപിച്ചിരിക്കുകയാണ്.

 

chandrika: