തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ പരാജയം അനാഥനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോള്‍ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തെരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവര്‍ത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും കൂട്ടായ നേതൃത്വത്തില്‍ വിശ്വസിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ യാതൊരു നൈരാശ്യവുമില്ല. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചാല്‍ ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം നേടാന്‍ സാധിച്ചില്ല എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം മാറണമെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നടത്തിയത് ക്രിയാത്മത വിമര്‍ശനമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ആര്‍എംപി വിഷയത്തില്‍ വിവാദത്തിലേക്കൊന്നും പോകുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. വടകരയില്‍ നിന്ന് മാത്രമല്ല കണ്ണൂരില്‍ നിന്നും അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ശക്തമായ നിലപാടെടുത്തയാളാണെന്നും ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ അത്രവലിയ തെറ്റ് വല്ലതും ചെയ്തോ? പറയൂ, ഞാന്‍ ചെയ്ത തെറ്റെന്താണ്. ഞാന്‍ ആ തെറ്റ് ഇപ്പോള്‍ തന്നെ തിരുത്താം. ഒരു മാനിനെ ചെന്നായ്ക്കള്‍ ആക്രമിക്കും പോലെയാണ് നിങ്ങള്‍ എന്നെ ആക്രമിച്ചത്. എന്നെ മാത്രം ഒറ്റപ്പെടുത്തി ആക്രമിച്ചു.’- മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2015 നേക്കാള്‍ നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല എന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തിയത്. പ്രബുദ്ധ കേരളത്തില്‍ ഒരിടത്തും പൊതു രാഷ്ടീയം ചര്‍ച്ചയായില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിച്ചില്ല എന്ന പൊതു വിലയിരുത്തലാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടായത്.
ജനുവരി 6,7 തീയതികളില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരുടെ വിശദമായ യോഗം ചേരും. നാളെ കെപിസിസി സെക്രട്ടറിമാരുടേയും ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാരുടേയും യോഗം കെപിസിസി ആസ്ഥാനത്ത് ചേരും. വിവാദങ്ങള്‍ പുറത്ത് പറഞ്ഞ് വാര്‍ത്തകളില്‍ ഇടംനേടാനില്ലെന്നും പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.