X
    Categories: keralaNews

വയനാട്ടിലെ ഏറ്റുമുട്ടല്‍ വ്യാജമെന്ന് മുല്ലപ്പള്ളി

കല്‍പറ്റ: വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ചു കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്കുകൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ഏറ്റുമുട്ടലിനെ ശക്തമായി അപലപിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം 10 ഏറ്റുമുട്ടലുകള്‍ നടന്നു. ആദിവാസി ഊരുകളില്‍ സാമ്പത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്ന് രാവിലെയാണ് വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് പടിഞ്ഞാറത്തറ മേഖലയിലെ മീന്‍മുട്ടി വാളരംകുന്നിലാണ് വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാവിലെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയുമായിരുന്നു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ അല്‍പസമയം മുമ്പ് വരെ തുടര്‍ന്നുവെന്നാണ് സൂചന. തണ്ടര്‍ ബോള്‍ട്ട് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റതായി ആദ്യം വിവരം വന്നെങ്കിലും പിന്നീട് ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് പൊലിസ് വ്യക്തമാക്കി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: