കാസര്‍ഗോഡ് സംഭവത്തില്‍ പൊലീസും ആഭ്യന്തര വകുപ്പും ഒളിച്ചുകളിക്കുന്നു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിണറായി വിജയന്റെ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു. അമിത്ഷാമോഡി കൂട്ടുകെട്ട് പോലെയാണ് പിണറായികോടിയേരി കൂട്ടുകെട്ട്. രണ്ടുപേരും സ്റ്റാലിനിസ്റ്റുകളും ക്രിമിനല്‍ മനസുള്ളവരുമാണ്. മനുഷ്യാത്മാക്കളോടു ഒരു സ്‌നേഹവും കാരുണ്യവും ഇവര്‍ക്കില്ല. കരുണയുടെ കണിക പോലും ഹൃദയത്തില്‍ ഇല്ലാത്തവരാണ് പിണറായിയും കൊടിയേരിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. അരനൂറ്റാണ്ടായി സിപിഎം ഭീകര രാഷ്ട്രീയ പ്രസ്ഥാനമായി അധഃപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് സംഭവത്തില്‍ ഡമ്മി പ്രതികളെയല്ല, യഥാര്‍ത്ഥ പ്രതികളെ തന്നെ പിടിക്കണം. കൊല്ലിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഹിംസയുടെ ഏറ്റവും ബീഭത്സമായ മുഖമാണ് അവിടെ കണ്ടത്. ഭീഷണിയുണ്ടെന്ന് കൃപേഷും ശരത്തും പലതവണ ബേക്കല്‍ പൊലീസിനെ അറിയിച്ചെങ്കിലും അവര്‍ ഗൗരവമായി എടുക്കാന്‍ തയാറായില്ല. കുറ്റവാളികളെ പൊലീസിന് നന്നായറിയാം. പൊലീസും ആഭ്യന്തരവകുപ്പും കൂടി ഒളിച്ചുകളി നടത്തുകയാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്ന കാര്യത്തില്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെ ഇന്ന് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടി പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിക്കും. സിപിഎമ്മിന്റെ നവോത്ഥനമൂല്യം കാപട്യവും വഞ്ചനയുമാണ്.
സാംസ്‌കാരിക നായകര്‍ മൗനം അവസാനിപ്പിക്കാന്‍ തയാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഭരണകൂട ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കി നില്‍ക്കേണ്ടവരല്ല സാംസകാരിക നായകര്‍. ആരുടെ സംരക്ഷണമാണ് ആയിരം ദിനം കൊണ്ട് പിണറായി സര്‍ക്കാര്‍ ഉറപ്പ് വരുത്തിയത്. ഒന്നും ശരിയാക്കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ 29 മനുഷ്യാത്മാക്കളെയാണ് ശരിയാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. ടി.പി വധക്കേസിലും ഷുഹൈബ് വധക്കേസിലും അന്വേഷണത്തില്‍ ഒരു ശതമാനം പോലും തൃപ്തനല്ലെന്നും കാസര്‍ഗോഡ് സംഭവത്തില്‍ അന്വേഷണം എങ്ങനെയുണ്ടെന്നു നോക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൊല ചെയ്യപ്പെട്ട കൃപേഷ് ഒരു പട്ടാളക്കാരനാകണമെന്നും ആ ജോലി വഴി സ്വന്തമായൊരു വീട് വയ്ക്കണമെന്നും ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്നു. ഇത്രയും ശോചനീയമായ വീടുകള്‍ കേരളത്തിലുണ്ടെന്ന് പോലും വിശ്വസിക്കാനാകാത്തത്ര ദരിദ്രകുടുംബമാണ് കൊല്ലപ്പെട്ട കുട്ടികളിലൊരാളായ കൃപേഷിന്റേതെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് പ്രവര്‍ത്തകര്‍ പിരിവെടുത്ത് നല്‍കിയ തുകയില്‍ നിന്ന് പത്ത് ലക്ഷം രൂപ വീതം ഇന്ന് നല്‍കുമെന്നും അടുത്ത മാസം രണ്ടിന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാസര്‍ക്കോട്ടെ ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പതിനഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.