X

സി.ഒ.ടി നസീര്‍ സി.പി.എമ്മിന്റെ ഉന്മൂലന സിദ്ധാന്തത്തിന്റെ ഇര: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡി.വൈ.എഫ്.ഐ നേതാവായിരുന്ന സി.ഒ.ടി നസീറിനെ നിഷ്ഠൂരമായി അക്രമിച്ച സി.പി.എം നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എമ്മിന്റെ തെറ്റായ നയങ്ങള്‍ തുറന്ന് കാണിക്കാന്‍ ശ്രമിച്ച ടി.പി ചന്ദ്രശേഖരന് ഉള്‍പ്പടെ ഉണ്ടായ അനുഭവമാണ് സി.ഒ.ടി നസീറിനും ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സി.ഒ.ടി നസീറിനെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതവും സംഘടിതവുമായ ശ്രമം സി.പി.എം നടത്തിയിരുന്നു. പാര്‍ട്ടിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന സ്റ്റാലിനിസ്റ്റ് നിലപാടിന്റെ തുടര്‍ച്ചയാണ് നസീറിന് നേരെയുണ്ടായ ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം അക്രമത്തിന്റെ പാതയില്‍ നിന്നും ഒരടിപോലും പിന്നോട്ട് പോകില്ലെന്നതിന്റെ തുറന്ന പ്രഖ്യാപനമാണിത്. എതിര്‍പ്പിന്റെ ശബ്ദം ഏത് ഭാഗത്ത് നിന്നും ഉയര്‍ന്നാലും അടിച്ചമര്‍ത്തുകയെന്നതാണ് സി.പി.എം നിലപാട്. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേയും തട്ടകമായ തലശ്ശേരിയില്‍ സംഘടിതവും ആസൂത്രിതവുമായി വാടക കൊലയാളികളെ ഉപയോഗിച്ച് നസീറിനെ വധിക്കാനാണ് ശ്രമിച്ചത്. ഇത് ഒരിക്കലും ന്യായീകരിക്കാന്‍ സാധ്യമല്ല. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള ഇടതു മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

web desk 1: