കുമളി: കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശത്ത് ആദ്യഘട്ട ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.
തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടാപോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂ. എന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ നിലവില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന പെരിയാറിന്റെ കരകളില്‍ കഴിയുന്നവര്‍ക്കും ഇടുക്കി ജില്ലക്കാര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 152 അടിയാക്കി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. എന്നാല്‍ 2014ല്‍ സുപ്രീംകോടതി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാക്കി നിജപ്പെടുത്തി. അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി ശേഷിയിലെത്തിയാല്‍ തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ ജലം ഒഴുക്കും. 400 ഘനയടി വീതം വെള്ളം കൊണ്ടുപോകാന്‍ ശേഷിയുള്ള നാല് പെന്‍സ്‌റ്റോക്ക് പൈപ്പുകളിലൂടെയാണ് തമിഴ്‌നാട് ആദ്യം കൂടുതല്‍ വെളളം കൊണ്ടുപോകുക. പിന്നീട് ആവശ്യമെങ്കില്‍ ഇറച്ചിപ്പാലം കനാലിലൂടെ കൂടുതല്‍ വെള്ളമൊഴുക്കും.