X

യുഡിഎഫ് വിജയത്തില്‍ മുഖ്യപങ്ക് മുസ്‌ലിംലീഗിന്: മുല്ലപള്ളി

മലപ്പുറം: സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ തിളക്കമാര്‍ന്ന വിജയത്തില്‍ നന്ദി പറയാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാടെത്തി. ഇന്നലെ രാവിലെ 11.30ഓടെ പാണക്കാടെത്തിയ മുല്ലപ്പള്ളിയെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. കേരളത്തില്‍ യുഡിഎഫ് മുന്നണിക്കുണ്ടായ ചരിത്ര വിജയത്തില്‍ മുസ്‌ലിംലീഗ് വഹിച്ച പങ്ക് വളരെ വലുതാണെന്നും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റെക്കോര്‍ഡിലെത്താന്‍ മുസ്‌ലിംലീഗ് കാണിച്ച ആത്മാര്‍ത്ഥത എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയത്തിന് നന്ദിപറയാനാണ് ഇവിടെ എത്തിയത്.

ജനമാഹായാത്ര തുടങ്ങുന്നതിന് തലേ ദിവസമാണ് അവസാനമായി പാണക്കാട് വന്നത്. സുപ്രധാന ഘട്ടങ്ങളിലെല്ലാം പതിവായി ഈ തറവാട്ടില്‍ വരാറുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മുസ്‌ലിംലീഗും പോഷക സംഘടനകളും നടത്തിയ പ്രവര്‍ത്തനം മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ സംഘടന ശക്തികാണിക്കുന്നതായിരുന്നെന്നും അതിന് അതിയായ നന്ദിയുണ്ടെന്നും കെപിസിസി പ്രസിഡന്റ് തങ്ങളെ അറിയിച്ചു. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളെയാണ് പറയാനുണ്ടായിരുന്നതെന്നും ഇത് കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് കേരളീയര്‍ യുഡിഎഫിനെ വലിയ വിജയത്തിലേക്കെത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തില്‍ ഒറ്റക്കെട്ടായി നിന്നാല്‍ എതിരാളികള്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതുതൊട്ട് കോണ്‍ഗ്രസിനേക്കാള്‍ വലിയ ആവേശത്തോടെയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തിച്ചത്. യുഡിഎഫിനൊപ്പം എല്ലാ മതവിഭാഗങ്ങളും ആദിവാസി സമൂഹവും യുവാക്കളും സ്ത്രീകളുമെല്ലാം ശക്തമായി നിലകൊണ്ടതാണ് ഇത്രയും വലിയ വിജയം നേടാനായത്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് പ്രമേയം പാസാക്കിയതിലുള്ള നന്ദിയും തങ്ങളെ മുല്ലപ്പള്ളി അറിയിച്ചു.


മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എന്നിവരും പാണക്കാടെത്തിയിരുന്നു. സംസ്ഥാന ദേശീയ വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് മുഴുവന്‍ സീറ്റുകളിലും ജയിക്കാനുള്ള സാഹചര്യമുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. അരമണിക്കൂറോളം നടന്ന ചര്‍ച്ചക്ക് ശേഷമാണ് മുല്ലപ്പള്ളി പാണക്കാടുനിന്നും മടങ്ങിയത്. ഡിസിസി പ്രസിഡന്റ് വിവി പ്രകാശും കെപിസിസി പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.

Test User: