ന്യൂഡല്‍ഹി: മിനിമം ബാലന്‍സിന്റെ പേരില്‍ സാധാരണ ഉപഭോക്താക്കളില്‍ നിന്ന് വന്‍ പിഴ ഈടാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. സാധാരണക്കാരുടെ സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നു വരെ ബാങ്ക് നേട്ടമുണ്ടാക്കിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭയിലാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്.
സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്ന് പിടിച്ചുപറി നടത്തിയാണ് ബാങ്ക് നേട്ടമുണ്ടാക്കിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
മിനിമം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1771 കോടി പിഴ ഈടാക്കിയതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ കണക്കുകള്‍ ധനമന്ത്രാലയം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിച്ച ശേഷമാണ് ഈ അധികനേട്ടം ബാങ്കിന് ലഭിച്ചത്.
ഈ കാലയളവില്‍ 2,320.96 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ ഇത്തരത്തില്‍ നേടിയത്. എന്നാല്‍ ഇതില്‍ 76 ശതമാനത്തിലേറെയും സ്റ്റേറ്റ് ബാങ്കിനാണ് ലഭിച്ചത്. പാവപ്പെട്ട ഉപഭോക്താക്കളില്‍ നിന്ന് ബാങ്ക് കൊള്ളലാഭം നേടിയെന്ന് സാധാരണക്കാരില്‍ നിന്നും പിടിച്ചുപറി നടത്തിയാണ് ബാങ്ക് നേട്ടമുണ്ടാക്കിയതെന്നും പാര്‍ലമെന്റംഗമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
എസ്ബിഐക്ക് മൊത്തം 42 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്്. ഇതില്‍ 13 കോടി ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളും പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളുമാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ ആരംഭിച്ച സാധാരണക്കാരുടെ സേവിങ്സ് അക്കൗണ്ടുകളില്‍ നിന്നുമാണ് എസ്ബിഐ നേട്ടമുണ്ടാക്കിയത്.
എസ്ബിഐക്ക് കഴിഞ്ഞാല്‍ മിനിമം ബാലന്‍സ് ഇനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 97.34 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കിയത്.