ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത വ്യാപ്തിയും, ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെയും കുറിച്ച് പഠിക്കാന്‍ ത്രിതല സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഡാം സുരക്ഷിതമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെയും തമിഴ്‌നാടിന്റെയും ഉറപ്പ് കണക്കിലെടുക്കാതെയാണ് പരമോന്നത നീതി പീഠത്തിന്റെ നീക്കം. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ ബാധിത മേഖലയിലെ ജനങ്ങളെ പ്രതിനിധീകരിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേരള, തമിഴ്‌നാട് സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാറുമാണ് വെവ്വേറെ സമിതികള്‍ക്ക് രൂപം നല്‍കേണ്ടത്. മൂന്ന് സമിതികളും പരസ്പര ധാരണയോടെ മുന്നോട്ടു പോകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഏതെങ്കിലും സാഹചര്യത്തില്‍ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇവ മറികടക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചാണ് സമിതി പഠനം നടത്തേണ്ടത്. അണക്കെട്ടിന്റെ പരിധിയിലും താഴ്ഭാഗത്തും ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ജീവഭയം കണക്കിലെടുക്കാതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
അണക്കെട്ടിന്റെ ആയുസ്സോ സുരക്ഷിതത്വമോ സംബന്ധിച്ച് സമിതികള്‍ പഠനം നടത്തേണ്ടതില്ല. ദുരന്തം തടയുന്നതിനും ജീവനാശവും വസ്തുനാശവും തടയുന്നതിനും ഉള്ള മാര്‍ഗങ്ങളാണ് പരിശോധിക്കേണ്ടത്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് 2014 മെയ് മാസത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ഈ സമിതി ഇതിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
അഡ്വക്കറ്റ് റസല്‍ ജോയ് എന്നയാളാണ് അഡ്വ. മനോജ് ജോര്‍ജ്ജ് മുഖാന്തിരം കോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമിതിയെക്കൊണ്ട് പഠനം നടത്തിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ നടപടി വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
പെരിയാറിനു കുറുകെ സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് ഉയരം കൂടിയ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ 50 വര്‍ഷമാണ് അണക്കെട്ടിന്റെ ആയുസ്സ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനകം തന്നെ 122 വര്‍ഷം പഴക്കം ചെന്നിട്ടുണ്ട്. ഭോപ്പാല്‍ ദുരന്തത്തില്‍നിന്നും ഓഖി ദുരന്തത്തില്‍ നിന്നും നാം പാഠം പഠിക്കേണ്ടതല്ലേ. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എന്തെങ്കിലും പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാക്കിയിട്ടുണ്ടോ? ഡാം തകര്‍ന്ന ശേഷം നടപടി എടുക്കാമെന്ന് കരുതി കാത്തിരിക്കരുതെന്നും ഞങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും പരാതിക്കാരനു വേണ്ടി ഹാജരായ അഡ്വ. മനോജ് ജോര്‍ജ്ജ് വാദിച്ചു.
അണക്കെട്ട് സുരക്ഷിതമാണെന്നും സുരക്ഷ പരിശോധിക്കാന്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥിരം സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. രാജ്യത്തെ 5000 അണക്കെട്ടുകളുടെ സുരക്ഷ സര്‍ക്കാര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. 2005ലെ ദുരന്ത നിവാരണ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും എ.ജി വ്യക്തമാക്കി. സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷാ സമതിയുടെ ചെയര്‍മാന്‍ ഗുല്‍ഷാന്‍ രാജ് ഒപ്പുവെച്ച, അണക്കെട്ട് സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന കത്തും കേന്ദ്രം കോടതിയില്‍ ഹാജരാക്കി.
കനത്ത മഴ പെയ്യുകയും അണക്കെട്ടില്‍നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിടുകയും ചെയ്യേണ്ടി വന്നാല്‍ ഈ ഉറപ്പുകൊണ്ട് എന്തു കാര്യം എന്നായിരുന്നു ചീഫ് ജസ്റ്റിസ് മിശ്രയുടെ ചോദ്യം. മുല്ലപ്പെരിയാറിനായി പ്രത്യേക ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശിച്ചു.
കേരളത്തിന്റെ ഭൗമശാസ്ത്ര പ്രത്യേകതകളാല്‍ ഡാം തകര്‍ന്നാല്‍ ഒരു മണിക്കൂറിനകം വെള്ളം 100 കിലോമീറ്റര്‍അകലെ അറബിക്കടലില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. വെടിയുണ്ട കണക്കെയായിരിക്കും വെള്ളത്തിന്റെ പ്രവാഹമെന്നും ദുരന്തബാധിത മേഖലയുടെ സര്‍വ്വനാശമായിരിക്കും ഇതിന്റെ ഫലമെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.