കാബൂള്‍: അഫ്ഗാനില്‍ രാഷ്ട്രീയ മേധാവിയും താലിബാന്‍ സഹസ്ഥാപകനുമായ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ സര്‍ക്കാരിനെ നയിക്കും. ഇറാന്‍ മോഡല്‍ ഭരണമാണ് അഫ്ഗാനില്‍ താലിബാന്‍ ഉദ്ദേശിക്കുന്നത്. താലിബാന്‍ ആത്മീയ ആചാര്യന്‍ മുല്ല ഹിബതുല്ല അകുന്‍സാദ പരമോന്നത നേതാവാകും. പ്രസിഡന്റ്, സേനാ തലവന്‍ തുടങ്ങിയവരെ അകുന്‍സാദയാണ് നിയമിക്കുക.
വെള്ളിയാഴ്ചയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇത് ശനിയാഴ്ചയിലേക്ക് മാറ്റിയതായി താലിബാന്‍ വക്താവ് സബീബുല്ല മുജാഹിദ് അറിയിച്ചു.
മന്ത്രിസഭയെ സംബന്ധിച്ചും അന്തിമ തീരുമാനമായി. രാഷ്ട്രങ്ങളുമായി താലിബാനു വേണ്ടി ചര്‍ച്ച നയിക്കുന്ന ദോഹ സംഘത്തിന്റെ 80 ശതമാനവും മന്ത്രി സഭയില്‍ ഇടം നേടും. തദ്ദേശീയ വിഭാഗ നേതാക്കള്‍ അടക്കം ഉള്‍പ്പെടുന്ന ശുറാ കൗണ്‍സിലിനാകും ഭരണ നിര്‍വഹണ ചുമതല. സ്ത്രീ പ്രാതിനിധ്യം ഉണ്ടാകില്ല. ഹക്കാനി ശൃംഗലയിലെ നേതാക്കള്‍ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യം ഉണ്ടാകും. മുന്‍ ഭരണാധികാരികളായ ഹമീദ് കര്‍സാനയി അബ്ദുല്ല അബ്ദുല്ല തുടങ്ങിയവരും ഭരണസമിതിയില്‍ ഉണ്ടെങ്കിലും, ഇവര്‍ക്ക് പ്രധാന ചുമതലകള്‍ ലഭിച്ചിട്ടില്ല.