‘ഇത് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പു പോരാട്ടമാണ്. മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് എന്റെ വിജയം ഉറപ്പാക്കണം’- വികാരാധീനനായാണ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് നേതാവ് ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ചത്. വമ്പിച്ച ഭൂരിപക്ഷത്തോടെ എന്നെ നിങ്ങള്‍ വിജയിപ്പിക്കുമോ ഇല്ലെയോ എന്ന മുലായം സിങ്ങിന്റെ ചോദ്യത്തിന് അതെ എന്ന് ഉച്ചത്തില്‍ തടിച്ചു കൂടിയവര്‍ ഒന്നടങ്കം മറുപടി നല്‍കി.
എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യകക്ഷികളുടെ പൊതുവേദിയില്‍ വെച്ചാണ് മുലായം വികാരാധീനനായി പ്രസംഗിച്ചത്. മകനും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും മുലായത്തിനു വേണ്ടി വോട്ടു ചോദിച്ചു. രണ്ടര പതിറ്റാണ്ടിനു ശേഷമാണ് മുലായവും മായാവതിയും ഒരേ വേദിയില്‍ വരുന്നത്. മായാവതിയെ പ്രശംസിച്ച മുലായം, തനിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കാന്‍ മെയിന്‍പുരിയില്‍ വന്നെത്തിയതിനുള്ള കടപ്പാടും അറിയിച്ചു. നാലു തവണ മുലായത്തെ പാര്‍ലമെന്റിലെത്തിച്ച മണ്ഡലമാണ് മെയിന്‍പുരി.