ലക്‌നോ: സമാജ്്‌വാദി പാര്‍ട്ടിയുടെ മുഖം മുലായംസിങ് യാദവ് തന്നെയായിരിക്കുമെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുലായത്തിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചായിരിക്കും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ദിവസത്തിനകം പുറത്തിറക്കും. തുടര്‍ച്ചയായ രണ്ടാം തവണയും യു.പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അഖിലേഷ് പറഞ്ഞു. ലക്‌നോവിലെ ഔദ്യോഗിക വസതിയായ 5ാം നമ്പര്‍ കാളിദാസ് മാര്‍ഗില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ സമാജ്്‌വാദി പാര്‍ട്ടി അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതികരണം. ”സൈക്കിള്‍ ചിഹ്നം ലഭിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. കുറച്ച് സമയം നഷ്ടമായി. സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കേണ്ടതുണ്ട്. എല്ലാവരേയും കൂടെ നിര്‍ത്തുക എന്നതാണ് വലിയ ഉത്തരവാദിത്ത”മെന്നും അഖിലേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി വന്ന തിങ്കളാഴ്ച രാത്രി വൈകി അഖിലേഷ് യാദവ് മുലായംസിങിനെ സന്ദര്‍ശിച്ചിരുന്നു. വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും കൂടിക്കാഴ്ചക്കു തൊട്ടു പിന്നാലെ മൂന്ന് പഴയ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. ഒന്ന് പിതാവ് മുലായംസിങ് യാദവിനൊപ്പം നില്‍ക്കുന്നതും മറ്റു രണ്ടെണ്ണം ജനുവരി ഒന്നിന് രാംഗോപാല്‍ യാദവ് വിളിച്ചുചേര്‍ത്ത എസ്.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റേതുമായിരുന്നു.