ലക്‌നോ: ഒരു മാസം നീണ്ട സമവായം തകര്‍ത്ത് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനുള്ള തര്‍ക്കമാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവും മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവും തമ്മില്‍ പരസ്യപോരിന് വഴിയൊരുക്കിയിരിക്കുന്നത്. മുലായം സിങ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും ചേര്‍ന്ന് കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. എന്നാല്‍ മന്ത്രിമാരടക്കം തന്റെ വിശ്വസ്തരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. വിജയ സാധ്യത പരിഗണിച്ച് 367 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയാറാക്കി അഖിലേഷ് കഴിഞ്ഞ ദിവസം മുലായത്തിന് കത്തു നല്‍കിയിരുന്നെങ്കിലും ഇത് അംഗീകരിക്കാതെ പുതിയ പട്ടിക പുറത്തുവിടുകയായിരുന്നു. 403 സീറ്റുകളിലെ 325 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് മുലായം പ്രഖ്യാപിച്ചത്. എന്നാല്‍ അഖിലേഷ് നിര്‍ദേശിച്ച പ്രധാനികള്‍ പലരും ഇതില്‍ ഇടം പിടിക്കാത്തതാണ് വീണ്ടും അസ്വാരസ്യങ്ങള്‍ക്കിടയാക്കിയത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അഖിലേഷിന്റെ പേര് നിര്‍ദേശിക്കാതെയായിരുന്നു മുലായത്തിന്റെ പ്രഖ്യാപനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരാണ് മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കുകയെന്നായിരുന്നു ഇതുസംബന്ധിച്ച് മുലായത്തിന്റെ മറുപടി. അഖിലേഷിന്റെ അസാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. മുമ്പ് ഇത്തരത്തില്‍ അഖിലേഷ് പങ്കെടുക്കാതിരുന്ന യോഗത്തിലാണ് സമാജ് വാദി പാര്‍ട്ടി-കൗമി എക്താദള്‍ ലയനം പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ പ്രഖ്യാപിച്ചത്.