X

രണ്ട് പതിറ്റാണ്ടിനു ശേഷം വേദി പങ്കിടാനൊരുങ്ങി മായാവതിയും മുലായവും

ലക്‌നോ: രണ്ട് പതിറ്റാണ്ടിനു ശേഷം വേദി പങ്കിടാനൊരുങ്ങി ബി.എസ്്.പി അധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവും. ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ ഏപ്രില്‍ 19 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന റാലിയിലായിരിക്കും ഇരു നേതാക്കളുടേയും സാന്നിധ്യമുണ്ടാകുക. ഇതോടൊപ്പം സഖ്യകക്ഷിയായ ആര്‍.എല്‍.ഡിയും അണിനിരക്കുന്ന 11 റാലി ഏപ്രില്‍ എഴ് മുതല്‍ പത്തുവരെ നടക്കും. ഏപ്രില്‍ ഏഴിന് ദിയോബന്ദിലാണ് ആദ്യ റാലി.
സഹരണ്‍പൂര്‍, കൈരാന, ബിജ്‌നോര്‍, മുസഫര്‍നഗര്‍ എന്നിവയുടെ അയല്‍ജില്ലകളില്‍ നിന്നായിരിക്കും റാലി ആരംഭിക്കുക. രണ്ടാമത്തെ ഐക്യറാലി ഏപ്രില്‍ 13 ന് ബദ്വാനില്‍ സംഘടിപ്പിക്കും. മൂന്നാമത്തെ റാലി ഏപ്രില്‍ 16 ന് ആഗ്രയിലും നടത്തും. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് നടത്തുന്ന നാലാമത്തേ റാലിയാണ് മെയിന്‍പൂരിയില്‍ വെച്ച് മഹാറാലിയായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മായാവതിയേയും മുലായത്തെയും കൂടാതെ എസ്.പി നേതാവ് അഖിലേഷ് യാദവ്, ആര്‍.എല്‍.ഡി അധ്യക്ഷന്‍ അജിത് സിങ് തുടങ്ങിയ നേതാക്കളും റാലിയില്‍ അണിനിരക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഐക്യറാലി സംഘടിപ്പിക്കുന്നതെന്ന് എസ്.പി വ്യക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു.

web desk 1: