കോട്ടയം: റഫാല്‍ ഇടപാടില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്തി ദുര്‍ഭരണം നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദി രാജ്യം ഭരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ജനറല്‍ ബോഡി യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസര്‍വ് ബാങ്ക് ഗവര്‍ണറെ നോക്കുകുത്തിയാക്കി നടപ്പാക്കിയ നോട്ടു നിരോധനവും വേണ്ടത്ര ആലോചന കൂടാതെയുള്ള ജി.എസ്.റ്റി നടപ്പാക്കലും രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും, വിലക്കയറ്റവും മറ്റെന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുകയാണ്. കടക്കെണി മൂലം കര്‍ഷക ആത്മഹത്യ പെരുകിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം രാജ്യത്തിന് നാണക്കേടായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായേ മതിയാകൂ എന്ന് മുകുള്‍ വാസ്‌നിക്ക് പറഞ്ഞു. വര്‍ഗീയത വളര്‍ത്തി ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ച് വോട്ട് നേടുവാനുള്ള ബി.ജെ.പി സംഘപരിവാര്‍ ശ്രമങ്ങളെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയുടെ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്കുള്ള വരവ് കോണ്‍ഗ്രസിന്റെ ശക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ ഉത്തരേന്ത്യന്‍ നിയമാസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്നും മുകുള്‍ വാസ്‌നിക്ക് പറഞ്ഞു.
എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ഗാന്ധി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന കോണ്‍ഗ്രസിന്റെ ശക്തി പദ്ധതി ബൂത്തുതലം വരെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.