X

അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പ്ലസ് ടുപരീക്ഷ എഴുതിയ സംഭവം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു



മുക്കം: കോഴിക്കോട് മുക്കം നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു വേണ്ടി അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ പ്രതികളായ അധ്യാപകരില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാകനും അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോഴിക്കോട് റൂറല്‍ എസ്.പി യു. അബ്ദുള്‍ കരീമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലുമായ കെ. റസിയക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാലാണ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. ഇതിനായി അന്വേഷണ സംഘം ഇവരുടെ വീടുകളിലെത്തി പാസ്പോര്‍ട്ട് വിവരങ്ങളുള്‍പ്പടെ ശേഖരിച്ചിരുന്നു:
ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍, തിരച്ചില്‍ വഴിതിരിച്ചു വിടാന്‍ ഇവരുടെ സിം കാര്‍ഡുകള്‍ മറ്റാരുടെയെങ്കിലും ഫോണിലിട്ട് ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികള്‍ സംസ്ഥാനം വിട്ട് പുറത്ത് പോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐ.പി.സി 419, 420, 465, 468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയത്.

web desk 1: