X

പെട്രോള്‍ പമ്പിലെ തോക്കു ചൂണ്ടി കവര്‍ച്ച തുമ്പൊന്നുമായില്ല

മുക്കം: കോഴിക്കോട്- മുക്കം റോഡില്‍ കളന്‍തോട് പെട്രോള്‍ പമ്പില്‍ സിനിമാ സ്‌റ്റൈലില്‍ തോക്ക് ചൂണ്ടി 10,8000 രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ട് ദിവസം പിന്നിട്ടിട്ടും പൊലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന. സംഭവ സമയം പെട്രോള്‍ പമ്പിലെ സി.സി.ടി.വി ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതാണ് പോലീസിനെ കുഴക്കുന്നത്. ഇതിനെപ്പറ്റിയും അന്വേഷണം നടക്കേണ്ടതുണ്ട്.

നോര്‍ത്ത് അസി.കമ്മീഷണര്‍ പ്രിഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ കുന്ദമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സമീപ ദിവസങ്ങളില്‍ ജയിലില്‍ നിന്നിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. പമ്പിന് സമീപത്തെ വീടുകളിലേയും കടകളിലേയും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. കളന്‍തോട് ഭാരത് പെട്രോളിയത്തിന്റെ എ ഇ കെ ഫ്യൂവല്‍ സ്റ്റേഷനിലാണ് ബുധനാഴ്ച രാത്രി 10 മണിയോടെ മോഷണം നടന്നത്.

ശക്തമായ മഴ പെയ്യുന്ന സമയത്ത് പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. ഈ സമയത്താണ് മുഖം മൂടി ധരിച്ച ഒരാള്‍ ഓഫീസിലെത്തി പമ്പിലെ സ്റ്റാഫ് അര്‍ഷിദിന് നേരെ തോക്ക് ചൂണ്ടി പണമാവശ്യപ്പെട്ടത്. ഈ സമയം പമ്പിന്റെ ഉടമസ്ഥ അനീഷയും സ്ഥലത്തുണ്ടായിരുന്നു. പമ്പിലുണ്ടായിരുന്ന ഒരു ലക്ഷത്തി എണ്ണായിരം രൂപയുമായി അനീഷ വീട്ടിലേക്ക് പോവാനിറങ്ങവേയാണ് മോഷ്ടാവെ ത്തിയത്.

chandrika: