മുക്കം: മുക്കം യതീംഖാന ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങള്‍ കുട്ടിക്കടത്ത് നടത്തിയിട്ടില്ല, ഉണ്ണാനും ഉറങ്ങാനും ഉടുക്കാനുമില്ലാത്ത ദുരിതക്കയത്തില്‍ നിന്നു ജീവിതം തേടി വരുന്ന പാവം കുട്ടികളാണവര്‍, അവരെ ബുദ്ധിമുട്ടിക്കരുത്, ഞങ്ങളെ ക്രൂശിക്കരുത്, ഇതൊരു ദൗത്യമാണ്. ‘മുക്കം യതീംഖാനയില്‍ നിലയുറപ്പിച്ച ചാനലുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിചാരണ’ക്കു മുമ്പില്‍, മുക്കം മുസ് ലിം ഓര്‍ഫനേജ് അന്നത്തെ വൈസ് പ്രസിഡണ്ടായിരുന്ന വയലില്‍- പട്ടോത്ത്- മുഹമ്മദ് മോന്‍ ഹാജി താണുകേണ് പറഞ്ഞ വാക്കുകളാണിത്. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ഉദ്യോഗസ്ഥരുമെല്ലാം ‘ക്രിമിനലുകളെ ‘ പിടികൂടിയ ത്രില്ലില്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍, യതീംഖാനയുടെ ദിശാ സൂചികയായിരുന്ന ‘പട്ടോത്ത്, ശബ്ദമുയര്‍ത്തി ,സഗൗരവം ഒരു കാര്യവും കൂടി കൂട്ടിച്ചേര്‍ക്കുമായിരുന്നു,’ സി.ബി.ഐ യേക്കാളും ഉയര്‍ന്നവരുടെ അന്വേഷണം നേരിടാനും ഞങ്ങള്‍ തയ്യാറാണ്. ഒന്നും സംഭവിക്കാനില്ല. യതീംഖാനയുടെയും ആ യതീം കുട്ടികളുടെയും നിരപരാധിത്വം തെളിയിക്കപ്പെടും തെളിവുകളെല്ലാം സമര്‍പ്പിച്ച്,കാലം കാത്തു വെച്ച സത്യത്തിന്റെ വെളിപ്പെടുത്തലിനു വേണ്ടിയുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിനിടെ 2017 ഡിസംബര്‍ 22-ന് വെള്ളിയാഴ്ച, മുസ് ലീംലീഗ് നേതാവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന മുഹമ്മദ് മോന്‍ ഹാജി മണ്‍മറഞ്ഞു. 24-5-2015 ന് ബീഹാറില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍ യതീംഖാനകളിലേക്കു വരികയായിരുന്ന 455 വിദ്യാര്‍ഥികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരുടെ പരാതിയില്‍ അറസ്റ്റു ചെയ്തതോടെ യതീംഖാന പ്രതിക്കൂട്ടിലായിരുന്നു. ഭാരവാഹികളായ 21 പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെ യതീംഖാന പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനു വേണ്ടി ധൈര്യത്തോടും ഊര്‍ജസ്വലതയോടും കൂടി മുന്നില്‍ നിന്ന് പ്രതിരോധിച്ച് പോരാടിയത് ബഹുഭാഷാ പരിജ്ഞാനിയും യതീംഖാനയുടെ ദിശാസൂചികയുമായിരുന്ന മുഹമ്മദ് മോന്‍ ഹാജിയായിരുന്നു. മരണം വരെ ഇതു തുടര്‍ന്നു, പക്ഷേ അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ പോരാട്ടവും കരളലിഞ്ഞ പ്രാര്‍ഥനയും നാടുനീളെ ഓടി നടന്നുള്ള അഭ്യര്‍ഥനകളുംസഫലമായി. വാക്കുകള്‍ അന്വര്‍ഥമായി, യതീംഖാനകളിലേക്കു കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയപ്പോള്‍, യതീംഖാനകളും അനാഥകളും അഭ്യുദയകാംക്ഷികളും മുഹമ്മദ് മോന്‍ ഹാജിയെ നന്ദിപൂര്‍വം സ്മരിച്ചു. കാണും.
ശ്രദ്ധേയനായ പരിഭാഷകനും വാഗ്മിയുമായിരുന്ന കൂടരഞ്ഞി പട്ടോത്ത് വി.മുഹമ്മദ് മോന്‍ ഹാജിയുടെ ജീവിതത്തിന്റെ ഏറിയ ഭാഗവുംഅനാഥശാലക്കും മുസ് ലിംലീഗിനും വേണ്ടിയായിരുന്നു.മുക്കം യതീംഖാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, യു.എ.ഇയുടെ റെഡ് ക്രസന്റ് സൊസൈറ്റി ഇദ്ദേഹത്തിന്റെ ശ്രമഫലമായി കൈവന്നതാണ്.