കൊല്ലം: ഫോണില്‍ സഹായം തേടി വിളിച്ച കുട്ടിയോട് കയര്‍ത്ത് സംസാരിച്ച് എംഎല്‍എയും നടനുമായ മുകേഷ്. ഇതിന്റെ ശബ്ദരേഖ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ എസ്എസ്എല്‍സി വിദ്യാര്‍ഥിയാണ് സഹായമഭ്യര്‍ഥിക്കാന്‍ കൂട്ടുകാരന്റെ കയ്യില്‍ നിന്ന് നമ്പര്‍ വാങ്ങി മുകേഷിനെ വിളിച്ചത്.
ഫോണ്‍ എടുത്ത പാടെ പരുഷമായും കയര്‍ത്തുമാണ് മുകേഷ് സംസാരിച്ചത്. കുട്ടിയുടെ ആവശ്യം എന്തെന്ന് പോലും കേട്ടില്ല. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. ഒറ്റപ്പാലം എംഎല്‍എ മരിച്ചോ, അയാളെ വിളിക്കാതെ എന്തിനാണ് എന്നെ വിളിച്ചത്, എന്നു തുടങ്ങി മുഴുവന്‍ ശകാര വര്‍ഷമായിരുന്നു.
നമ്പര്‍ തന്ന കൂട്ടുകാരന് ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാര്‍ഥിയോട് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കല്‍ പോലും മുകേഷ് വിദ്യാര്‍ത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല.