X
    Categories: MoreViews

അനില്‍ അംബാനിക്ക് കൈത്താങ്ങു നീട്ടി മുകേഷ് അംബാനി; റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ജിയോ വാങ്ങി

മുംബൈ: സഹോദരന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വൈയര്‍ലസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികള്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി വാങ്ങി. ഏകദേശം 24000 കോടി രൂപ മൂല്യമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് മുകേഷിന്റെ റിലയന്‍സ് ജിയോ വാങ്ങിയത്. ആര്‍കോമിന്റെ സെപെക്ട്രം, മൊബൈല്‍ ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവയാണ് ജിയോ ഏറ്റെടുത്തത്.

അച്ഛന്‍ ധിരുഭായ് അംബാനിയുടെ 85ാം ചരമദിനത്തിലായിരുന്നു ഏറെക്കാലമായി അകന്നു നില്‍ക്കുന്ന സഹോദരങ്ങള്‍ തമ്മിലുള്ള ധാരണ. പുതിയ നീക്കം ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുമോ എന്ന് ബിസിനസ് ലോകം ഉറ്റുനോക്കുന്നു.

അടുത്ത വര്‍ഷം മാര്‍ച്ചിനു മമ്പ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ഏറ്റെടുക്കലിന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെയും സ്റ്റോക് എക്‌സേഞ്ചുകളുടേയും അനുമതി ആവശ്യമുണ്ട്. ലേലത്തില്‍ വെച്ച വയര്‍ലെസ് ആസ്തികള്‍ക്ക് ഏറ്റവും വലിയ തുക നല്‍കിയത് ജിയോ ആണെന്നും വില്‍പ്പന മൂലം ലഭിക്കുന്ന പണം വായ്പ നല്‍കിയവര്‍ക്ക് തിരിച്ചു നല്‍കുമെന്നും ആര്‍ കോം പ്രസ്താവനയില്‍ വ്യക്തമാക്കി. 45000 കോടി രൂപയുടെ കടബാധ്യത ആര്‍കോമിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സൗജന്യ വോയ്‌സ് സേവനവുമായി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്ത്യന്‍ ആരംഭിച്ച ജിയോയ്ക്ക് രാജ്യത്തുടനീളം ഒരുലക്ഷത്തിലേറെ ടവറുകളുണ്ട്. വന്‍തോതില്‍ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ആര്‍കോമിന്റെ സൗകര്യങ്ങള്‍ കൂടി വരുന്നതോടെ ജിയോടെ മേധാവിത്വം വര്‍ധിക്കും. ഏകദേശം 178,000 കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് ആസ്തികള്‍ ജിയോക്ക് കൈവരും. അടുത്ത വര്‍ഷത്തോടെ ജിയോ ആരംഭിക്കുന്ന എഫ്.ടി.ടി.എച്ച് സംവിധാനത്തിന് ഈ ഒപ്റ്റിക് ശൃംഖലകള്‍ കരുത്താകും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ജിയോക്ക് രാജ്യത്തുടനീളം ഒന്നര ലക്ഷത്തോളം ടവറുകളുണ്ടാകും. ഏറ്റവും കൂടുതല്‍ ടവറുകളുള്ള ഭാരതി എയര്‍ടെല്ലിന് വെല്ലുവിളി ഉയര്‍ത്താനും ജിയോക്കാകും.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആര്‍കോമിന് പുറമേ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നവി മുംബൈ എന്നിവിടങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് വസ്തുവകകളും വില്‍ക്കാന്‍ അനില്‍ അംബാനി തീരുമാനിച്ചിരുന്നു. ജിയോ ഇവ ഏറ്റെടുത്തിട്ടില്ല.

chandrika: