മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി രാജ്യത്തെ കോടീശ്വരന്‍മാരില്‍ ഒന്നാമന്‍. തുടര്‍ച്ചയായ പതിനൊന്നാമത്തെ വര്‍ഷമാണ് മുകേഷ് അംബാനി ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 4730 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യമെന്ന് ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. ഈ വര്‍ഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും മുകേഷ് അംബാനിയാണ്. റിലയന്‍സ് ജിയോയുടെ വിജയത്തിലൂടെ 930 കോടി ഡോളറാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ മുകേഷ് അംബാനി അധികമായി സമ്പാദിച്ചത്.
വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി രണ്ടാംസ്ഥാനവും ആര്‍സലര്‍ മിത്തല്‍ ചെയര്‍മാനും സി.ഇ.ഒയുമായ ലക്ഷ്മി മിത്തല്‍ മൂന്നാംസ്ഥാനവും നിലനിര്‍ത്തി. അസിം പ്രേംജിക്ക് 2100 കോടി ഡോളറും ലക്ഷ്മി മിത്തലിന് 1830 കോടി ഡോളറുമാണ് സമ്പാദ്യം. ഹിന്ദുജ സഹോദരന്‍മാര്‍, പല്ലോന്‍ജി മിസ്ത്രി, എച്ച്.സി.എല്‍ കമ്പനിയുടെ ശിവ് നാടാര്‍, ഗോദ്‌റേജ് കുടുംബം, ദിലീപ് സാങ്‌വി, കുമാര്‍ ബിര്‍ള, ഗൗതം അദാനി എന്നിവരാണ് ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടംപിടിച്ച മറ്റു ധനികര്‍.
എം.എ യൂസഫലിയാണ് മിഡില്‍ ഈസ്റ്റിലെ ധനികനായ ഇന്ത്യക്കാരന്‍. ഏറ്റവും ധനികനായ മലയാളിയും ഇദ്ദേഹമാണ്. 475 കോടി ഡോളറാണ് യുസഫലിയുടെ സമ്പാദ്യം. 390 കോടി ഡോളര്‍ സമ്പാദ്യമുള്ള രവി പിള്ളയാണ് മലയാളി സമ്പന്നരില്‍ രണ്ടാമത്.