ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയുടെ ആഘാതത്തിലും ഇന്ത്യക്ക് ആശ്വാസമായി മുഹമ്മദ് ഷമിയുടെ പ്രകടനം. പരുക്കേറ്റ ഭുവേശ്വര്‍ കുമാറിന് പകരക്കാരനായി ടീമിലെത്തിയ ഷമി മൂന്ന് കളികളില്‍ നിന്ന് 13 വിക്കറ്റുകളാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെ നടത്തിയ അഞ്ച് വിക്കറ്റ് പ്രകടനവും അഫ്ഗാനിസ്ഥാനെതിരായ ഹാട്രിക്കും അടക്കം മിന്നുന്ന ഫോമിലാണ് ഷമി. ലോകകപ്പില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ഷമി.
ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതിലധികമോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരവുമായി ഷമി. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ഷമിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ നാലോ അതിലധികമോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് ഷമി. നരേന്ദ്ര ഹിര്‍വാനിയാണ് ഷമിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത്.