കോഴിക്കോട്: കോവിഡ് കാലത്ത് കൈവന്ന മഹാഭാഗ്യം സഹപ്രവര്‍ത്തകര്‍ക്കായി വീതിച്ചുനല്‍കി ബഹറൈനിലെ മലയാളി വ്യവസായി. മലപ്പുറം കോട്ടക്കല്‍ സ്വദേശിയും ബഹറൈനിലെ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായ മുജീബ് ആടാട്ടിലാണ് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃക തീര്‍ത്തത്. ബബിബികെ ബാങ്ക് നടത്തിവരുന്ന പ്രതിമാന നറുക്കെടുപ്പിലൂടെ ലഭിച്ച പതിനായിരം ബഹറൈന്‍ ദിനാര്‍(19.70ലക്ഷം)സ്ഥാപനത്തിലെ 137 പേര്‍ക്കാണ് ഇദ്ദേഹം വീതിച്ചുനല്‍കിയത്.
ആഗസ്റ്റ് മാസത്തിലെ നറുക്കെടുപ്പില്‍ വിജയിച്ച അഞ്ചുപേരില്‍ ഒരാളാണ് മുജീബ്. മറ്റുനാലുപേര്‍ ബഹറൈനി സ്വദേശികളാണ്. തനിക്ക് ലഭിച്ച ലക്ഷങ്ങള്‍ സ്വന്തമായി എടുക്കാതെ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമായി പങ്കിടാമെന്ന മുജീബിന്റെ തീരുമാനത്തെ അംഗീകരിച്ച് ഭാര്യയും മക്കളുമടങ്ങിയ കുടുംബവും ഒപ്പം നിന്നു. തന്റെ സ്്ഥാപനത്തിന്റെ വളര്‍ച്ചക്ക് പിന്നില്‍ ജീവനക്കാരുടെ ഓരോരുത്തരുടേയും കഠിന പ്രയത്‌നമാണെന്ന് മുജീബ് പറഞ്ഞു. ഇവര്‍ക്കായി ഈ തുക പങ്കുവെക്കുന്നതില്‍ സന്തോഷമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി നിറഞ്ഞ കോവിഡ് കാലത്ത് മുന്നറിയിപ്പ് പോലുമില്ലാതെ ജീവനക്കാരെ പിരിച്ചുവിടുന്ന സ്ഥാപന ഉടമകള്‍ക്കിടയില്‍ വ്യത്യസ്്ഥനാവുകയാണ് ഈ പ്രവാസി വ്യവസായി. സ്വന്തം ലാഭം മാത്രം നോക്കി ജീവിതം നയിക്കുന്നവര്‍ക്കിടയില്‍ മാതൃക തീര്‍ത്ത മുജീബിന്റെ ഈ മാതൃകാ പ്രവര്‍ത്തനത്തെ അഭിനനന്ദിച്ച് നാട്ടിലും ബഹറൈനിലും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.