X

ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്; മുനവറലി തങ്ങള്‍

മലപ്പുറം: ഫാഷിസം ജനാധിപത്യത്തെ പോലും കീഴ്‌പ്പെടുത്തുന്ന ഒരു കാലത്ത് ഉയരേണ്ടത് ഭിന്നിപ്പിന്റെ സ്വരമല്ല, സഹവര്‍ത്തിത്വത്തിന്റെ സ്വരമാണെന്ന് പാണക്കാട് മുനവറലി തങ്ങള്‍. മതസംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണിതിന്നെന്നും അദ്ദേഹം പറഞ്ഞു. ‘ഫാഷിസത്തിന്റെ കടന്നുവരവ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഭീഷണിയാകുന്നത്. ടിസ്റ്റ സെതല്‍വാദിനെ പോലുള്ളവര്‍ തോക്കിന്‍ മുനയിലാണ്. ഗൗരി ലങ്കേഷിനെ പോലെയുള്ളവരെ കൊന്നുകഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്’ തങ്ങള്‍ പറഞ്ഞു.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അറിവിന്റെയും വികാസത്തിന്റെയും കാലഘട്ടത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ കൈവെടിയാതെ കരുത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കേണ്ടതുണ്ടെന്ന് തങ്ങള്‍ പറഞ്ഞു.

കേരളത്തില്‍ ഒരു റാഡിക്കല്‍ സൊസൈറ്റി വളര്‍ന്നുവരുന്നുവെന്ന് ഉത്തരേന്ത്യന്‍ മേഖലകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചുറ്റിലും കഴുകന്‍മാര്‍ വിഴുങ്ങാനിരിക്കുന്നതിന്റെ ഭീഷണി കാണാതിരിക്കരുത്. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായി ഒന്നിച്ചുചേരാന്‍ യൂത്ത് ലീഗ് തയ്യാറാണ്. മതസംഘടനകളും അതിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പാണക്കാട് മുനവറലി തങ്ങള്‍ നടത്തിയ പ്രസംഗം

ഗൃഹാതുരതയില്‍ ജീവിക്കുന്ന ഒരു സമൂഹമായി മുസ്‌ലിംകള്‍ മാറിയിരിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകത്തിന് മുസ്‌ലിംകള്‍ നല്‍കിയ സംഭാവന ഏതാണെന്ന ചോദ്യത്തിന് നല്‍കാന്‍ അധികം ഉത്തരങ്ങളില്ല. കൊര്‍ദോവ തുടങ്ങി പൂര്‍വ്വകാലത്തെ സംഭാവനകളില്‍ അഭിരമിക്കുകയേ വഴിയുള്ളൂ.
തിന്‍മകളോട് കോംപ്രമൈസ് ചെയ്യാതെ ജീവിക്കാനാകണം. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായും കൂട്ടുകൂടാന്‍ യൂത്ത് ലീഗ് തയ്യാറാണ്.

മതസംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാലമാണിത്. ഫാഷിസം ജനാധിപത്യത്തെ പോലും കീഴ്‌പ്പെടുത്തുന്ന ഒരു കാലത്ത് ഉയരേണ്ടത് സഹവര്‍ത്തിത്വത്തിന്റെ സ്വരമാണ ്ഭിന്നിപ്പിന്റെ സ്വരമല്ല.
മുജാഹിദ് സമ്മേളനത്തില്‍ വന്നത് ആരെയെങ്കിലും സന്തോഷിപ്പാക്കാനോ വേദനിപ്പിക്കാനോ അല്ല. ഉത്തരവാദപ്പെട്ട യുവജന സംഘടനയുടെ എളിയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് വന്നത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും വേണ്ടി എന്ന നാരായണഗുരുവിന്റെ വാക്കുകളാണ് പ്രചോദനം.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം യൂത്ത് ലീഗിനുള്ള അംഗീകാരം കൂടിയാണ്. ആതിഥ്യം സ്വീകരിക്കുക എന്നത് പ്രവാചകചര്യയുടെ കൂടി ഭാഗമാണ്. എനിക്ക് നിങ്ങളുടെ ആശയത്തോട് വിയോജിപ്പുണ്ടാകാം. എന്റെ ആശയങ്ങളോട് നിങ്ങള്‍ക്കും വിയോജിപ്പുണ്ടാകാം. അതെല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. നമ്മളെല്ലാ മനുഷ്യരാണ്. എല്ലാവരു ആദമില്‍നിന്ന്. ആദമാകട്ടെ ദൈവത്തില്‍നിന്നും. മനുഷ്യരെല്ലാം പരസ്പരം സഹായിച്ചാണ് ജീവിക്കേണ്ടത്. ദുരന്തമുഖത്തെല്ലാം മനുഷ്യര്‍ ഈ പാരസ്പര്യം കൈമാറുന്നു.

ഇരുപത് വര്‍ഷം മുമ്പുള്ള യുവാവ് നേരിട്ട പ്രശ്‌നമല്ല ഇപ്പോഴത്തേത്. അന്ന് പട്ടിണിയായിരുന്നു യുവാവിന്റെ പ്രശ്‌നമെങ്കില്‍ ഇപ്പോഴത് സമൃദ്ധിയുടേതാണ്. സമ്പന്നത എങ്ങിനെ ഉപയോഗിക്കണമെന്നതാണ് പുതിയ യുവത്വം നേരിടുന്ന വെല്ലുവിളികളിലൊന്ന്. ഓരോരുത്തരും അവരുടെ ഓണ്‍ലൈന്‍ ലോകത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു.സ്വന്തം നിലനില്‍പ് പോലും ഭീഷണിയാകുന്ന ഘട്ടത്തില്‍ നിസംഗരായി നില്‍ക്കുകയാണവര്‍. യുവാക്കള്‍ക്ക് ദിശാബോധം നല്‍കാനാണ് മതസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. അതിന് ശക്തിപകരുകയാണ് രാഷ്ട്രീയ സംഘടനകള്‍ ചെയ്യേണ്ടത്.

കേരളത്തില്‍ ഒരു റാഡിക്കല്‍ സൊസൈറ്റി വളര്‍ന്നുവരുന്നുവെന്ന് ഉത്തരേന്ത്യന്‍ മേഖലകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ചുറ്റിലും കഴുകന്‍മാര്‍ വിഴുങ്ങാനിരിക്കുന്നതിന്റെ ഭീഷണി കാണാതിരിക്കരുത്. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായി ഒന്നിച്ചുചേരാന്‍ യൂത്ത് ലീഗ് തയ്യാറാണ്. മതസംഘടനകളും അതിന് തയ്യാറാകണം.

ഒരു ബഹുസ്വരസമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തെ മൊത്തം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രവര്‍ത്തനമേഖല വിപുലീകരിക്കുക. തര്‍ക്കങ്ങളല്ല മതം എന്നത് കാണിക്കണം. സമ്പൂര്‍ണമായ ജീവിതക്രമമാണ് ഇസ്‌ലാം എന്നത് വാക്കില്‍ മാത്രം പറഞ്ഞൊതുക്കരുത്. അങ്ങിനെ ജീവിച്ചുകാണിക്കണം.

ഫാഷിസത്തിന്റെ കടന്നുവരവ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ഭീഷണിയാകുന്നത്. ടിസ്റ്റ സെതല്‍വാദിനെ പോലുള്ളവര്‍ തോക്കിന്‍ മുനയിലാണ്. ഗൗരി ലങ്കേഷിനെ പോലെയുള്ളവരെ കൊന്നുകഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനില്‍ക്കേണ്ടത്.
ഒരു ബഹുസ്വരസമൂഹത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായി ജീവിക്കാന്‍ മുഹമ്മദ് നബിക്ക് സാധിച്ചു. പ്രവാചകന്റെ മദീന ജീവിതം വലിയൊരു പാഠമാണ്. പ്രവാചകന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞവര്‍ മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല. എല്ലാവരെയും സഹോദരങ്ങളായി കാണുന്ന ജീവിതക്രമമാണ് മുന്നോട്ടുകൊണ്ടുവരേണ്ടത്. തിന്‍മകളോട് വിട്ടുവീഴ്ച്ചയില്ലാതെ ജീവിക്കാനാകണം

chandrika: