X

ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കാന്‍ അനുവദിക്കരുത് മുജാഹിദ് സമ്മേളനം

കോഴിക്കോട് (സലഫി നഗര്‍): ഇന്ത്യയുടെ മത നിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നവോത്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ മതക്കാര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന ഇന്ത്യന്‍ ഭരണഘടനയെ മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. മത വൈവിധ്യങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം കൂട്ടായ്മയാണ് ഇന്ത്യയില്‍ വസിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷത്തിന്ന് സുരക്ഷ നല്‍കുന്നതാണ് മതനിരപേക്ഷത. മതസഹിതമായ ഇന്ത്യന്‍ മതേതരത്വത്തെ അഭിമാനത്തോടെ നെഞ്ചേറ്റാന്‍ തയ്യാറാവണം. സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനം മുന്‍തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു.
പി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ എം എച്ച് ഇല്യാസ്, ശിഹാബ് തൊടുപുഴ, ആദില്‍ അത്വീഫ് സ്വലാഹി, മുസ്തഫ തന്‍വീര്‍ അന്‍ഫസ് നന്മണ്ട, യഹ്‌യ കാളികാവ് പ്രസംഗിച്ചു.

ദേശീയ പണ്ഡിത സമ്മേളനം സംഘടിപ്പിച്ചു

ഇന്ത്യന്‍ മതനിരപേക്ഷതയെയും അത് ഉയര്‍ത്തുന്ന ജീവിത സാഹചര്യങ്ങളെയും റദ്ദ് ചെയ്യാന്‍ ശ്രമിക്കുന്നവരെ തുറന്ന് കാണിക്കാന്‍ തയ്യാറാവണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയ പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. ശൈഖ് ഷമീം അഹമ്മദ് ഖാന്‍ നദ്‌വി, മുഹമ്മദ് ഇബ്രാഹിം അന്‍സാരി, അബ്ദുല്‍ മുഹീന്‍ സലഫി ബീഹാര്‍, അബ്ദുല്‍ അസീസ് മദീനി, മഹസും അഹമ്മദ് സ്വലാഹി പ്രസംഗിച്ചു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം വേഗത്തിലാക്കണം മുജാഹിദ് സമ്മേളനം

 അന്ധവിശ്വാസങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ച സംഗമം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം നടത്തുന്നത് ഇനിയും വൈകിക്കൂടാ. അന്ധവിശ്വാസങ്ങള്‍ നരബലിയിലേക്കും സാമ്പത്തിക ചൂഷണത്തിലേക്കും എത്തുമ്പോള്‍ അധികാരികള്‍ മൗനമവലംബിക്കുന്നത് ഗുരുതരമായ കുറ്റമാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ മഹല്ല് തലത്തില്‍ ജാഗ്രതാ സമിതികള്‍ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിവിധ സെഷനുകളില്‍ എം ഐ മുഹമ്മദലി സുല്ലമി, മുഹമ്മദ് മൗലവി കൊമ്പന്‍, ഖുദ്ത്തുള്ള നദ്‌വി, റഷീദ് ഒളവണ്ണ, ഡോ മിശാല്‍ സലീം, നാസിം പൂക്കാടഞ്ചേരി, സമദ് റഹ്മാന്‍ കൂടല്ലൂര്‍, പി പി റഷീദ്, ഷൈന്‍ ഷൌക്കത്തലി, സാലിഷ് വാടാനപ്പള്ളി, ഇ കെ എം പന്നൂര്‍, ഫൈസല്‍ എളേറ്റില്‍, എ പി എം ഖാദര്‍, ഹമീദ് വഴിക്കടവ് സംസാരിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ മുഴുവന്‍ഭാഗങ്ങളും പാഠപദ്ധതിയില്‍ ഉള്‍പ്പെടുത്തണം

കോഴിക്കോട് : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവും ആശയവും രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെക്കുലര്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഗ്രാമങ്ങളുടെ വളര്‍ച്ചയും വികാസവും ലക്ഷ്യംവെച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ എത്രത്തോളം ലക്ഷ്യം കാണുന്നുവെന്ന് വിശദമായ പഠനം നടത്തണം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ ചരിത്രവും ജീവിതവും പുതു തലമുറക്ക് പാഠമാകാന്‍ വേണ്ടി പാഠ്യപദ്ധതികളില്‍ സ്വാതന്ത്ര്യസമരത്തിന്റെ കൂടുതല്‍ ഭാഗം ഉള്‍പ്പെടുത്തണം. സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം വെട്ടിമാറ്റാനുള്ള നീക്കം നന്ദികേടാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വി പി അബ്ദുസലാം മാസ്റ്റര്‍ അധ്യക്ഷനായി. ഡോ എം പി അബ്ദുസമദ് സമദാനി എം പി, ഡോ എം കെ മുനീര്‍ എം എല്‍ എ, കെ പി രാമനുണ്ണി, പി സുരേന്ദ്രന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി , ബഷീര്‍ പട്ടേല്‍താഴം, എന്‍ കെ എം സക്കരിയ്യ, സി എച്ച് ഇസ്മായില്‍ ഫാറൂഖി പ്രസംഗിച്ചു.

webdesk13: