കോഴിക്കോട്: മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറത്ത് സംഘടിപ്പിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുജാഹിദ് സംസ്ഥാന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മതം: സഹിഷ്ണുത-സഹവര്‍ത്തിത്വം-സമാധാനം എന്ന പ്രമേയത്തിലാണ് ചതുര്‍ദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇരുവിഭാഗം മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനം പ്രചാരണ രംഗത്ത് ഏറെ കരുത്തും ആവേശവും പകരും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം പത്ത് ലക്ഷം പേര്‍ വീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം സെഷനുകളും ഉണ്ടാകും.
മുജാഹിദ് പ്രസ്ഥാനത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരുന്ന വിഷന്‍ 2022 പദ്ധതി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതക്കും തീവ്രവാദ ചിന്തകള്‍ക്കുമെതിരെ സമൂഹ മനസാക്ഷിയെ ബോധവത്കരിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. മതത്തിന്റെ യഥാര്‍ത്ഥ സന്ദേശവും മാനവിക ദര്‍ശനങ്ങളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള കര്‍മ്മപദ്ധതികള്‍ സമ്മേളനം ആസൂത്രണം ചെയ്യും.
വിവിധ സെഷനുകളിലായി ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതര്‍, ബുദ്ധിജീവികള്‍, രാഷ്ട്രീയ-സാംസ്‌കാരിക നായകര്‍, ഭരണ കര്‍ത്താക്കള്‍ പങ്കെടുക്കും.
കോഴിക്കോട് സമ്മേളന പ്രഖ്യാപന കണ്‍വെന്‍ഷനില്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷത വഹിച്ചു. സമ്മേളന തിയ്യതിയും പ്രമേയവും അദ്ദേഹം പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, എം. മുഹമ്മദ് മദനി, സി.പി ഉമര്‍സുല്ലമി, എം. അബ്ദുറഹ്മാന്‍ സലഫി, എ. അസ്ഗറലി, നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, സി.ടി ബഷീര്‍, യാസിര്‍ രണ്ടത്താണി, സുഹറ മമ്പാട്, ശമീമ ഇസ്‌ലാഹിയ പ്രസംഗിച്ചു.