തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കിടെ മറുപടിയുമായി ഭര്‍ത്താവും ഡിവൈഎഫ്‌ഐ നേതാവുമായ മുഹമ്മദ് റിയാസ് . മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സമ്മാനമായി സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് ഫര്‍ണിച്ചര്‍ വാങ്ങി നല്‍കി എന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം. ഇതിന് തെളിവുണ്ടെങ്കില്‍ കൊണ്ടുവരൂ എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ റിയാസിന്റെ വെല്ലുവിളി.
‘ഫര്‍ണ്ണിച്ചര്‍ വാങ്ങി എങ്കില്‍ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.? വലിയൊരു കടയാണെങ്കില്‍ ആ കടയില്‍ സിസിടിവിയും കാണുമല്ലോ …? ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കില്‍, ഞങ്ങളെ ഒക്കെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ ആ കടയില്‍ ഉള്ളവര്‍ അന്ധരായിരിക്കില്ലല്ലോ ? ആരോപണം വസ്തുതാപരമാണെങ്കില്‍ തെളിവു കിട്ടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം. റിയാസ് കുറിച്ചു.
കുറിപ്പ് വായിക്കാം:
തിരുവനന്തപുരത്ത് ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റിലെ ഫര്‍ണ്ണിച്ചറാണ് ചിലര്‍ക്ക് ഇപ്പോള്‍ ആരോപണത്തിനുള്ള വിഷയം. അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍ .? ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചര്‍ച്ചയില്‍ മുഖാമുഖം കണ്ടിരുന്നു. തെളിവ് പുറത്തു വിടാനും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനും ആ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ചാനലില്‍ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.
ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാള്‍ അതില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടൂ. തെളിവുകള്‍ പുറത്തുവിടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് ധാര്‍മ്മികമായി ബാധ്യത ഉണ്ട്. ആരോപണം ഉന്നയിച്ചയാള്‍ പറഞ്ഞതു പോലെ ഫര്‍ണ്ണിച്ചര്‍ വാങ്ങി എങ്കില്‍ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.? വലിയൊരു കടയാണെങ്കില്‍ ആ കടയില്‍ സിസിടിവിയും കാണുമല്ലോ …? ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കില്‍,
ഞങ്ങളെ ഒക്കെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ ആ കടയില്‍ ഉള്ളവര്‍ അന്ധരായിരിക്കില്ലല്ലോ ? ആരോപണം വസ്തുതാപരമാണെങ്കില്‍ തെളിവു കിട്ടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം.
മറുവശം പോലും തേടാതെ ചില നിഷ്പക്ഷര്‍, ഇത് തൊണ്ട തൊടാതെ വിഴുങ്ങി ഛര്‍ദ്ദിക്കുന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.