X

ബ്‌ളാസ്‌റ്റേഴ്‌സില്‍ മടങ്ങിയെത്തി റാഫി; കിരിടം മാത്രം ലക്ഷ്യമെന്ന് താരം

കൊച്ചി: രണ്ടു സീസണുകള്‍ക്ക് ശേഷം മലയാളി സെന്റര്‍ ഫോര്‍വേഡ് മുഹമ്മദ് റാഫി കേരള ബ്ലാസ്‌റ്റേഴ്‌സില്‍ മടങ്ങിയെത്തി. ചെന്നൈയിന്‍ എഫ്.സി തകരാര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് റാഫിയുടെ ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള മടങ്ങിവരവ്. റാഫി ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുമെന്ന കാര്യം ‘ചന്ദ്രിക’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നാണ് ടീം മാനേജ്‌മെന്റ് താരവുമായുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഹെഡറുകളിലൂടെ ഗോളുകള്‍ നേടുന്നതില്‍ ഏറ്റവും മികവുപുലര്‍ത്തുന്ന താരം 200910 ഐ ലീഗില്‍ ഒരിന്ത്യന്‍ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്‌്രൈടക്ക് റെക്കോഡായ 14 ഗോളുകള്‍ നേടി പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിരുന്നു. ഐ.എസ്.എല്‍ ആദ്യ സീസണില്‍ കൊല്‍ക്കത്തക്കൊപ്പമായിരുന്ന റാഫി പിന്നീട് ബ്ലാസ്‌റ്റേഴ്‌സിലെത്തുകയായിരുന്നു. തുടര്‍ന്ന് ചെന്നൈയിലെത്തി. രണ്ടു സീസണുകള്‍ക്കൊടുവിലാണ് മഞ്ഞപ്പടയിലേക്കുള്ള മടക്കം. 2015 ഐ.എസ.്എലില്‍ എമേര്‍ജിങ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിരുന്നു. മഹീന്ദ്ര യുണൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ എഫ്.സി, ഡി.എസ്.കെ ശിവാജിയന്‍സ്, മുംബൈ ടൈഗേഴ്‌സ്, മഹീന്ദ്ര യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. റാഫി വീണ്ടും ടീമിലെത്തുന്നതോടെ മഞ്ഞപ്പടയിലെ മലയാളി താരങ്ങളുടെ എണ്ണം ഒമ്പതായി ഉയരും. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സില്‍ തിരിച്ചെത്തുന്നതില്‍ അതീവ സന്തുഷ്ടനാണെന്നും ഐ.എസ്.എല്‍ കിരീടം കപ്പ് നേടുകയെന്നതാണ് ഇപ്പോള്‍ ഏക ലക്ഷ്യമെന്നും റാഫി പ്രതികരിച്ചു.

chandrika: