X
    Categories: CultureNewsViews

മുഹമ്മദ് മുര്‍സി: വിചാരണക്കൂട്ടില്‍ കുഴഞ്ഞുവീണ ജനാധിപത്യ സ്വപ്‌നം

കെയ്‌റോ: ഈജിപ്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു അന്തരിച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി. ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പൊരുതി വിചാരണക്കൂട്ടില്‍ അദ്ദേഹത്തിന് വീരമൃത്യുവുമായി. 2011ലെ മുല്ലപ്പൂ വിപ്ലവ കൊടുങ്കാറ്റില്‍ ഹുസ്‌നി മുബാറകിന്റെ സ്വേച്ഛാധിപത്യം ഭരണം തകര്‍ന്നടിഞ്ഞപ്പോള്‍ ഈജിപ്തിന്റെ ജനാധിപത്യ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്നത് മുര്‍സിയായിരുന്നു. 2012 ജൂണില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം അധികാരത്തില്‍ വന്നത്. വിപ്ലവാനന്തര ഈജിപ്തില്‍ പ്രസിഡന്റെന്ന നിലയില്‍ മുര്‍സിയെ കാത്തിരുന്നത് വലിയ വെല്ലുവിളികളാണ്. പാശ്ചാത്യ ലോകത്തിന്റെ സ്വന്തക്കാരനായിരുന്ന മുബാറക് ഇല്ലാത്ത ഈജിപ്തിനോട് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വരം കര്‍ക്കശമാക്കി. അതുവരെ ഇസ്രാഈലിനെ താലോലിച്ചിരുന്ന ഈജിപ്ത് പുതിയ ഭരണകൂടത്തിന്റെ വരവോടെ ഫലസ്തീനികളുടെ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ടു. അതോടെ മുര്‍സിയെ അധിക കാലം അധികാരക്കസേരയില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു പലരും. ഭയപ്പെട്ടതുപോലെ ജനാധിപത്യ ഭരണകൂടത്തിനെതിരെ സൈന്യത്തില്‍നിന്ന് തന്നെ ചരട് വലി തുടങ്ങി. അദ്ദേഹത്തിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ ശത്രുക്കള്‍ ഉള്ളിലിരുന്ന് കളിച്ചു. മാസങ്ങള്‍ക്കൊണ്ട് തീര്‍ക്കാവുന്നതായിരുന്നില്ല ഈജിപ്തിന്റെ പ്രശ്‌നങ്ങള്‍. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ സമയം വേണ്ടിയിരുന്നു. അക്ഷമരായ ജനങ്ങളെ ചില ശക്തികള്‍ തെരുവിലിറക്കി. പ്രക്ഷുബ്ധമായ സാമൂഹ്യാന്തരീക്ഷം കലക്കി മറിച്ച് മീന്‍ പിടിക്കലായിരുന്നു അവരുടെ ലക്ഷ്യം. പട്ടാളവും അതിന് തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ക്രമസമാധാനം പൂര്‍ണമായും മുര്‍സിയുടെ കൈപിടിയില്‍ ഒതുങ്ങിയിരുന്നില്ല. 2013 ജൂലൈ മൂന്നിന് പട്ടാള ജനറല്‍ അബ്ദുല്‍ ഫത്താഹ് സിസി അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും സിസിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ശേഷം പലതരം കേസുകളില്‍ കുടുക്കി ജയിലിലേക്ക് മാറ്റി. പിന്നീടുള്ളതെല്ലാം നാടകീയ രംഗങ്ങളായിരുന്നു. ജയിലില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് അദ്ദേഹം ഇരയായി. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രമുഖരായ നേതാക്കളെ മുഴുവന്‍ തുറുങ്കിലടച്ചു. ഹുസ്‌നി മുബാറകിനെതിരെ നടന്ന ജനകീയ വിപ്ലവകാലത്ത് നടന്ന സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തം മുര്‍സിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ വെച്ചു. 2015ല്‍ ഈജിപ്ഷ്യന്‍ കോടതി അദ്ദേഹത്തിന് 20 വര്‍ഷം തടവ് വിധിച്ചു. 2012ല്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയെന്നായിരുന്നു കേസ്. 2011ലെ മുല്ലപ്പൂ വിപ്ലവ കാലത്ത് ജയിലില്‍നിന്ന് തടവുകാരെ പുറത്തുകൊണ്ടുവന്നതു മുതല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവന്നത് വരെ പലതരം കേസുകളില്‍ വിചാരണയുടെ പരമ്പരകളായിരുന്നു. 2016ല്‍ ഖത്തറുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുര്‍സിക്ക് കോടതി ജവപര്യന്തം തടവ് വിധിച്ചു. പട്ടാള ഭരണകൂടം പടച്ചുണ്ടാക്കിയ ഒരു ചാരക്കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് അദ്ദേഹം കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റെന്ന നിലയില്‍ മുര്‍സി ഏറെ ജനകീയനായിരുന്നു. ജനകീയ വിപ്ലവത്തിന്റെ സിരാകേന്ദ്രമായ തെഹ്‌രീര്‍ സ്‌ക്വയറില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം ജനങ്ങള്‍ക്കുമുന്നില്‍ ജാക്കറ്റ് തുറന്ന് നെഞ്ച് വിരിച്ചുനിന്നു. ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചിട്ടില്ലെന്ന് അവരെ കാണിക്കാനായിരുന്നു അത്. വിപ്ലവ കാലത്ത് സൈന്യം ജയിലിലടച്ച് 572 തടവുകാരെ മോചിപ്പിക്കാനായിരുന്നു അധികാരമേറ്റെടുത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ തീരുമാനം. മുബാറകിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ മുര്‍സി പോലും ജയിലിലടക്കപ്പെട്ടു. പക്ഷെ, ജനകീയ വിപ്ലവത്തില്‍ തടവറകള്‍ തുറക്കപ്പെട്ടപ്പോള്‍ അദ്ദേഹവും മറ്റനേകം രാഷ്ട്രീയ നേതാക്കളും പുറത്തുവരുകയായിരുന്നു.
വിപ്ലവാനന്തരം നാഥനില്ലാതെ വിഭജിക്കപ്പെട്ട ഈജിപ്ഷ്യന്‍ സമൂഹത്തെ തിരിച്ചറിയുന്നതില്‍ മുര്‍സി പരാജയപ്പെട്ടുവെന്നത് വസ്തുതയാണ്. ആസൂത്രണത്തിലെ പിഴവും രാജ്യത്തെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ, സമൂഹ അന്തരീക്ഷവും മുര്‍സിയെ വീഴ്ത്താന്‍ കിട്ടിയ അവസരമാക്കി ശത്രുക്കള്‍ ഉപയോഗിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: