കണ്ണൂര്‍: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിന് നികുതിയിളവ്. ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഉള്‍പ്പെടെ ആറര കോടി രൂപയുടെ ഇളവാണ് കേന്ദ്ര ധനകാര്യ വകുപ്പ് അനുവദിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി സീതാരാമനാണ് ഈ കാര്യം ലോക്‌സഭാംഗം ഇടി മുഹമ്മദ് ബഷീറിനെ അറിയിച്ചത്.
ഇറക്കുമതി ചുങ്കവും നികുതിയുള്‍പ്പെടെ 18 കോടി രൂപയാണ് മരുന്നിന്റെ വില. നികുതി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടി മുഹമ്മദ് ബഷീര്‍ നിരന്തരം ഇടപെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചത്. യുഎസ്എയില്‍ നിന്ന് എത്തിക്കേണ്ട സോള്‍ജെന്‍സ്മ എന്ന മരുന്നിന് 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടെയാണ് നികുതി. നികുതി ഇളവ് നല്‍കിയതോടെ 18 കോടി രൂപ വരുന്ന മരുന്നിന് ആറര കോടിയിലധികം രൂപയുടെ ഇളവ് ലഭിക്കും.
നികുതി ഇളവ് നല്‍കിയത് കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ചികിത്സാ സഹായ സമിതിക്കും ആശ്വാസത്തിന് വക നല്‍കുകയാണ്. പുതിയങ്ങാടി സ്വദേശി പികെ റഫീഖിന്റെയും മാട്ടൂലിലെ പിസി മറിയുമ്മയുടെയും മകനാണ് ഒന്നര വയസുകാരന്‍ മുഹമ്മദ്. മുഹമ്മദിന്റെ മൂത്ത സഹോദരി പതിനഞ്ചുകാരി അഫ്രയും ഇതേ രോഗം ബാധിച്ച് വീല്‍ചെയറിലാണ്. ഈ മാസം ആറിന് യുഎസ്എയില്‍ നിന്നും മരുന്ന് എത്തുമെന്ന് നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. നടപടികളും സജീവമാണ്. കോഴിക്കോട് മിംസ് ആസ്പത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷലിസ്റ്റ് സ്മിലു മോഹന്‍ലാലിന്റെ നേതൃത്വത്തിലാണ് കുട്ടിയെ ചികിത്സിക്കുന്നത്.
ചികിത്സയ്ക്ക് ആവശ്യമായ 18 കോടിയും കടന്ന് 46,78 കോടിയാണ് ചികിത്സാ സഹായ നിധിയിലെത്തിയത്. ആറ് ദിവസം കൊണ്ട് 18 കോടിയും കവിഞ്ഞ തുക സമാഹരിക്കാനായത് ജീവകാരുണ്യ രംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചിരുന്നു. മുഹമ്മദിന്റെ സഹോദരി അഫ്രയുടെ ചികിത്സയ്ക്കാവശ്യമായ തുകയും കരുതി ബാക്കി തുക സമാന രോഗാവസ്ഥയിലുള്ള കുട്ടികള്‍ക്ക് നല്‍കാനാണ് കുടുംബത്തിന്റെയും ചികിത്സാ സഹായ സമിതിയുടെയും തീരുമാനം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന രീതിയിലാകും നടപടിക്രമങ്ങള്‍. ഇതേകുറിച്ച് ചികിത്സാ സഹായ സമിതി ഭാരവാഹികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.