അബുജ:’എന്റെ ഭാര്യ ഏത് പാര്‍ട്ടിയിലാണ് എന്ന് എനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്കറിയാം, വീട്ടില്‍ അവരുടെ സ്ഥാനം അടുക്കളയിലും കിടപ്പുമുറിയിലുമാണെന്ന്’ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി. മര്യാദയ്ക്ക് ഭരിച്ചില്ലെങ്കില്‍ അധികാരത്തില്‍ നിന്നും വലിച്ച് താഴെയിറക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ ഐഷ ബുഹാരി ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ ബര്‍ലിനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രംഗത്തെത്തിയത്. തനിക്ക് ഭാര്യയേക്കാളും പ്രതിപക്ഷാംഗങ്ങളെക്കാളും അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരില്‍ അഴിച്ചുപണി നടത്തിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനെ പിന്തുണയ്ക്കില്ലെന്ന് ഐഷാ ബുഹാരി പറഞ്ഞിരുന്നു.ബിബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐഷ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭര്‍ത്താവിനുവേണ്ടി അയിഷ പ്രചാരണം നടത്തിയിരുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ബുഹാരി നടത്തിയ നിയമനങ്ങള്‍ ഏതാനും പേരുടെ സ്വാധീനത്തിനു വഴങ്ങിയായിരുന്നു. കുത്തഴിഞ്ഞ സര്‍ക്കാര്‍ സംവിധാനം നേരയാക്കിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കൂടെയുണ്ടാകില്ലെന്നായിരുന്നു ഐഷയുടെ വാക്കുകള്‍. സ്വജനപക്ഷപാതവും അഴിമതിയും ഇല്ലാതാക്കണം. പ്രസിഡന്റിന് തന്റെ കീഴില്‍ ജോലി ചെയ്യുന്നവരെക്കുറിച്ചോ സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ യാതൊരു അറിവും പ്രസിഡന്റിന് ഇല്ല. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം മുഹമ്മദ് ബുഹാരി അധികാരത്തിലെത്തിയത്. എന്നാല്‍ ഈ വാക്ക് പാലിക്കാന്‍ ഇനിയെങ്കിലും ബുഹാരി തയ്യാറായില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്ത്രീകളോട് വോട്ട് ചോദിക്കാനോ മറ്റ് പ്രചരണ പരിപാടികള്‍ക്കോ താന്‍ ഉണ്ടാവില്ല. രാജ്യത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും അവര്‍ പറഞ്ഞിരുന്നു.
നൈജീരിയന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.