എന്റെ എല്ലാ പുരസ്കാരങ്ങളും ഞാൻ എം.ടിയുടെ കാൽച്ചുവട്ടിൽ ഗുരുദക്ഷിണയായി സമർപ്പിക്കുന്നുവെന്നും
ഇനിയും ലഭിച്ചാൽ അതും സമർപ്പിക്കുമെന്നും നടൻ മമ്മുട്ടി.എംടിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന സാദരം എംടി ഉത്സവത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മമ്മുട്ടി.എംടി യുമായി തനിക്കുള്ള ബന്ധം വിശദീകരിക്കാനാകുന്നില്ലെന്നും ചേട്ടനോ അനിയനോ പിതാവോ സുഹൃത് ആരാധകനോ ഏത് വിധത്തിലും തനിക്ക് അദ്ദേഹത്ത സമീപിക്കാം എന്നും മമ്മുട്ടി പറഞ്ഞു.
സിനിമയിൽ ഞാൻ അദ്ദേഹത്തിന്റെ ചുരുക്കം കഥാപാത്രങ്ങളെയേ അവതരിപ്പിച്ചിട്ടുള്ളൂ. പക്ഷേ, ഇദ്ദേഹം എഴുതിയ നിരവധി കഥാപാത്രങ്ങളെ ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്. ആ കഥാപാത്രങ്ങളായി ജീവിക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്.ആ കഥകളിലെ ഒരുപാട് മനുഷ്യരെ ഞാൻ ഒറ്റക്ക് അഭിനയിച്ചു തീർത്തിട്ടുണ്ട്. എന്നിലെ നടനെ അത് പരിപോഷിപ്പിച്ചു. ഞാൻ വായിച്ചു തുടങ്ങുമ്പോൾ കഥാപാത്രങ്ങളോടും കഥയോടുമുള്ള ആഗ്രഹങ്ങൾ അഭിനയമായി പുറത്തുവന്നിട്ടുണ്ട്. ആരും കാണാതെ കണ്ണാടിയിലും വെള്ളത്തിലും മുഖം നോക്കി കഥാപാത്രങ്ങളായി ഞാൻ ഒരുപാട് അഭിനയിച്ചു. മമ്മുട്ടി പറഞ്ഞു.
എംടിയെ എന്നെങ്കിലും ഒന്ന് പരിചയപ്പെടാൻ കഴിയണേ എന്ന് കുട്ടിക്കാലത്തേ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹത്തിനപ്പുറം ഏതോ ഒരു മന്ത്രികശക്തി ഞങ്ങളെ പരസ്പരം ബന്ധിപ്പിച്ചു. അതിനുശേഷമാണ് എനിക്ക് സിനിമയിൽ അവസരം ഉണ്ടാകുന്നത്.അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ച ആളാണ് ഞാൻ എന്നു പറയുമ്പോൾ എനിക്കുകിട്ടുന്ന ആദരം ആസ്വദിക്കുന്നു. നാലഞ്ചുമാസം മുമ്പ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെ അഭിനയിച്ചു തീർത്തിട്ടേഉള്ളൂ. ഇനിയും ഒരുപാട് കഥാപാത്രങ്ങളെ ഞാൻ ആഗ്രഹിക്കുന്നു. എന്റെ എല്ലാ പുരസ്കാരങ്ങളും ഞാൻ എം.ടിയുടെ കാൽച്ചുവട്ടിൽ ഗുരുദക്ഷിണയായി സമർപ്പിക്കുന്നു. ഇനിയും ലഭിച്ചാൽ അതും സമർപ്പിക്കും. എംടി യില്ലാതെ മലയാളം ഇല്ല.” മമ്മൂട്ടി പറഞ്ഞു നിർത്തി.ചടങ്ങിൽ മമ്മൂട്ടി എം ടി ക്ക് സ്വർണ കൈ ചെയിൻ സമ്മാനമായി സമർപ്പിച്ചു.