ന്യൂഡല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എം.ടി. എം.ടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരനായിരുന്നു എം.ടിയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ടി വാസുദേവന്‍ നായരുടെ അന്ത്യം. ഇന്ന് വൈകിട്ട് നാല് വരെ എം.ടിയുടെ വസതിയായ സിതാരയില്‍ പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ വസതിയിലെത്തുന്നത്. നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ ഹരിഹരന്‍, നടന്‍ മമ്മൂട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധിപേര്‍ എം.ടിക്ക് അന്തിമോപചാരമര്‍പ്പിച്ചു.