കോഴിക്കാട്: വിശേഷണങ്ങള്‍ക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായരെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എം ടിയുടെ വേര്‍പാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും എംടിയെ തന്റെ ജ്യേഷ്ഠ സഹോദരനായാണ് കണ്ടിട്ടുള്ളതെന്നും അടൂര്‍ പറഞ്ഞു.
വിശാലമായ എഴുത്തായിരുന്നു എംടിയുടേത്. പത്രാപധിപര്‍ എന്ന തരത്തില്‍ മലയാളത്തിലെ പുതിയ പല ധാരണകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീര്‍ഘ വീക്ഷണം ഉള്ളയാളായിരുന്നു അദ്ദേഹം. ഏതൊക്കെ വേഷത്തില്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടാലും ആ മേഖലയില്‍ മറ്റുള്ളവരെ അദ്ദേഹം അതിശയിപ്പിച്ചിരുന്നുവെന്നും അടൂര്‍ പറഞ്ഞു. സാധാരണ കാഴ്ചക്കാരന്‍ ശ്രദ്ധിക്കാതെ പോകുമായിരുന്ന ഇടത്തരം സിനിമകള്‍ എംടിയുടെ രചനയുടെ ഭംഗി കൊണ്ട് ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് കൂട്ടി ചേര്‍ത്തു.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.