കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.
എം ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.