കോഴിക്കോട്: നോട്ട് അസാധു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി രംഗത്ത്.
പ്രധാനമന്ത്രി മോദിക്കെതിരെ പറയാന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് എന്താണ് അധികാരമെന്ന് ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍. രാജ്യം മാറിയതൊന്നും എംടി അറിയുന്നില്ലേയെന്നും പരിഹസിച്ചാണ് ബിജെപി നേതാവ് തന്റെ അസഹിഷ്ണുത വെളിവാക്കിയത്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് രാധാകൃഷ്ണന്‍ എം ടിക്കെതിരെ ക്രോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. എം ടി ഇപ്പോള്‍ കിളിമൊഴി നടത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു.
എം.ടി കാര്യങ്ങളറിയാതെ പ്രതികരിച്ചത് ശരിയായില്ല. സേതുവും മോഹനവര്‍മ്മയും ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നു. എന്നാല്‍ വീടിന് തൊട്ടടുത്ത് നടന്ന ടിപി വധത്തിനെതിരെ തൂലിക ചലിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന എംടി ഇപ്പോള്‍ തുഞ്ചന്‍ പറമ്പിലിരുന്ന് എന്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയാം. എന്നാല്‍ ഞങ്ങള്‍ എംടിയെ അങ്ങനെയല്ല കാണുന്നതെന്നും എ.എന്‍ രാധാകൃഷ്ന്‍ണന്‍ പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക് എഴുതിയ കള്ളപ്പണ വേട്ട- മിഥ്യയും യാഥാര്‍ത്ഥ്യവും എന്ന പുസ്തകം ഇന്നലെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശനം ചെയ്യവേയാണ് എം ടി വാസുദേവന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചത്.
നോട്ട് അസാധുവാക്കലിനെ ശക്തമായ ഭാഷയിലാണ് എംടി എതിര്‍ത്തത്. മോദിയുടെ നടപടിയെ തുഗ്ലക്കിന്റെ ഭരണപരിഷ്‌ക്കാരത്തോട് അനുസ്മരിച്ച എംടി, തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നെന്നും തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞതെന്നും പറഞ്ഞു. ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല റിസര്‍വ്വ് ബാങ്കും നിലപാട് മാറ്റി പറയുകയാണെന്ന് എംടി വിമര്‍ശിച്ചു.
നോട്ടു അസാധുവാക്കല്‍ നടപടി വേണ്ടതാണെങ്കിലും അതിലത്തൊന്‍ ഏറെ പ്രയാസമുണ്ട്. നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്‌തെന്നും എംടി അഭിപ്രായപ്പെട്ടു. നാണ്യവ്യവസ്ഥയിലും കറന്‍സിയിലും ഇടപെടലുകള്‍ നടത്തിയ യൂറോപ്പിലേയും ആഫ്രിക്കയിലേയും രാഷ്ട്രങ്ങള്‍ ചെന്നെത്തിയത് വലിയ തകര്‍ച്ചയിലാണെന്നും എംടി കൂട്ടിച്ചേര്‍ത്തു. എംടിയുടെ ഈ പ്രസംഗമാണ് ബിജപിയെ വിറളിപിടിപ്പിച്ചത്. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഉതകുന്ന തരത്തില്‍ ചോദ്യോത്തര ശൈലിയിലാണ് തോമസ് ഐസക്കിന്റെ പുസ്തകം.