X
    Categories: Features

എനിക്ക് ആദ്യ പ്രതിഫലം തന്നത് ചന്ദ്രിക: എം.ടി

കൂടല്ലൂര്‍ എന്ന എന്റെ ഗ്രാമത്തില്‍ എനിക്ക് അധികം കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല. തനിയെ കളിക്കാവുന്ന ഒരു കളി എന്ന നിലയിലാണ് ഞാന്‍ സ്വകാര്യമായി എഴുത്തുപണി തുടങ്ങിയത്. ഞാന്‍ കുത്തിക്കുറിക്കുന്ന കഥകളും മറ്റും പ്രസിദ്ധീകരിക്കാന്‍ തയ്യാറായ പ്രസിദ്ധീകരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ചന്ദ്രിക. എന്റെ കഥകള്‍ ചന്ദ്രിക വാരികയിലൂടെ വെളിച്ചം കണ്ടു. എനിക്ക് ആദ്യമായി പ്രതിഫലം അയച്ചുതന്ന പ്രസിദ്ധീകരണവും ചന്ദ്രികയായിരുന്നു. ഇക്കാര്യം ഞാന്‍ നേരത്തെ അനുസ്മരിച്ചിട്ടുണ്ട്. അമ്പതുകളിലാണ് ചന്ദ്രികയില്‍ എഴുതുന്നത്. അന്നത്തെ പത്രാധിപന്‍മാര്‍ എന്റെ എഴുത്തിനെ ഏറെ പ്രോത്സാഹിപ്പിച്ചു. എനിക്ക് മാത്രമല്ല, എന്റെ തലമുറയിലെ മിക്ക എഴുത്തുകാര്‍ക്കും ചന്ദ്രികയുടെ വാത്സ്യാതിരേകത്തോടെയുള്ള ആശ്ലേഷം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി.

പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലത്താണ് എഴുത്തില്‍ കൂടുതല്‍ സജീവമാവുന്നത്. അതിന് മുമ്പെ എഴുതുന്നുണ്ട്. അന്ന് ബുക്ക് പോസ്റ്റ് വഴി മാറ്റര്‍ അയക്കുന്നതിന് മുക്കാല്‍ അണയുടെ സ്റ്റാമ്പ് ഒട്ടിക്കണം. അത് കിട്ടാന്‍ അമ്മയുടെ പിന്നാലെ നടക്കണം. കുട്ടികള്‍ക്ക് കത്തെഴുതാന്‍ എന്നൊക്കെയാണ് കാരണം പറയുക. വി.എന്‍ തെക്കെപ്പാട്ട്, കൂടല്ലൂര്‍ വാസുദേവന്‍ നായര്‍, എം.ടി വാസുദേവന്‍ നായര്‍ തുടങ്ങിയ പേരുകളിലാണ് അന്നൊക്കെ എഴുതിയിരുന്നത്. തപാല്‍ ആപ്പീസില്‍ പോയി എന്തെങ്കിലും ഉണ്ടോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കും. ചിലപ്പോള്‍ പത്രാധിപരുടെ കത്ത് കിട്ടിയാല്‍ ഭാഗ്യമായി. മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തില്‍ എഴുതിയിട്ടുണ്ട്. ജയകേരളം സാഹിത്യലോകത്ത് എറെ വിലമതിച്ചിരുന്ന പ്രസിദ്ധീകരണമായിരുന്നു. മദിരാശിയില്‍ നിന്ന് തന്നെ ചിത്രകേരളം എന്നൊരു പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ അതിലേക്ക് കഥയും കവിതയും ലേഖനവും മുകളില്‍ പറഞ്ഞ വ്യത്യസ്ത പേരുകളില്‍ അയച്ചുകൊടുത്തു. അവ മൂന്നും പ്രസിദ്ധീകരിച്ചു വന്നു. അവ പാര്‍സലുകളായി കുറ്റിപ്പുറം പാര്‍സല്‍ ഓഫീസില്‍ വന്ന് കിടക്കുകയായിരുന്നു. അവിടെ പോയി വാങ്ങി.

ലോക കഥാമത്സരത്തില്‍ എന്റെ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ സമ്മാനം നേടി. മത്സരത്തിന് അയച്ച കാര്യം തന്നെ വിസ്മരിച്ചിരിക്കുമ്പോഴാണ് സമ്മാനത്തിന്റെ കാര്യം അറിയുന്നത്. ആ കഥ പിന്നീട് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് കഥകളും നോവലുകളുമായി നിരവധി കൃതികള്‍ വന്നു കാലം, അസുരവിത്ത്, എന്‍.പി മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, മഹാഭാരതം പശ്ചാത്തലമാക്കിയ രണ്ടാമൂഴം..അങ്ങനെ

എഴുത്തിന്റെ ലോകത്ത് ഇത്രയധികം മുന്നോട്ടു പോവാന്‍ പ്രചോദനം നല്‍കിയ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ ചന്ദ്രികക്ക് പ്രഥമ സ്ഥാനമുണ്ട്. ഞാന്‍ മാത്രമല്ല എത്രയോ എഴുത്തുകാരും ചിത്രകാരന്‍മാരും ചന്ദ്രികയിലുടെ തങ്ങളുടെ രചനാ വൈദഗ്ധ്യത്തെ കുറ്റമറ്റതാക്കി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണമാണെങ്കില്‍ പോലും സാഹിത്യലോകത്തെ നവമുകുളങ്ങളെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ചന്ദ്രിക വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. അങ്ങനെ സാംസ്‌കാരിക മുന്നേറ്റത്തിന് ചന്ദ്രിക ദിശാബോധം നല്‍കി. ചന്ദ്രികയുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയില്‍ ഞാന്‍ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: