X

എം ടി പറഞ്ഞത് കേരളം കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ; വി ഡി സതീശൻ

എം.ടി പറഞ്ഞത് കേരളം കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എം.ടി യുടെ വാക്കുകള്‍ വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മന്നേറ്റം ഉണ്ടാകട്ടെ. മുഖ്യമന്ത്രിയുടെ സ്തുതിപാഠകര്‍ എം.ടിയുടെ വാക്കുകള്‍ ശ്രദ്ധിക്കണം.

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. പറഞ്ഞ വാക്കുകള്‍ ബധിര കര്‍ണങ്ങളില്‍ പതിക്കരുത്. കാലത്തിന്റെ ചുവരെഴുത്താണ് അദ്ദേഹം വായിച്ചത്. ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് എം.ടി. പറഞ്ഞത്. നിഷ്പക്ഷത നടിച്ച് നടന്ന സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്ന ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചില മാധ്യമപ്രവര്‍ത്തകരും നിഷ്പക്ഷരാണെന്ന് കരുതി വന്ന് സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാറിന് സ്തുതിഗീതം പാടുന്നവരും എം.ടിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കണമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

എം.ടിയുടെ വാക്കുകള്‍ പ്രധാനപ്പെട്ടതാണ്. അധികാരം എങ്ങനെ മനുഷ്യനെ ദുഷിപ്പിക്കുന്നു. അധികാരം അഹങ്കാരത്തിലേക്കും ധാര്‍ഷ്ട്യത്തിലേക്കും എങ്ങനെ പോകുന്നു. പ്രതിഷേധങ്ങളെ ഭയപ്പെടുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു, അതിനെ അടിച്ചമര്‍ത്തുന്നു. ക്രൂരമായ മര്‍ദനമുറകള്‍ സംസ്ഥാനത്തൊട്ടാകെ അഴിച്ചുവിടുന്നു.

ഇതൊക്കെ കണ്ട് എം.ടിയെ പോലുള്ള ഒരാള്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. എം.ടിയുടെ വാക്കുകള്‍ക്ക് അത്രയേറെ മൂര്‍ച്ചയുണ്ടെന്ന് കരുതുന്നു. അത് വഴിതിരിച്ചുവിടാതെ മനസിലാക്കാനാണ് ശ്രമിക്കേണ്ടത്. വഴിതിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ കേരളം വീണ്ടും ആപത്തിലേക്ക് പോകുമെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

webdesk13: