X

ഗ്രാമത്തെ കുറിച്ചൊരു നോവല്‍ പണിപ്പുരയില്‍; മനസ്സു തുറന്ന് എംടി

കോഴിക്കോട്: ഗ്രാമത്തെ കുറിച്ചൊരു നോവല്‍ മനസ്സിലുണ്ടെന്ന് വിഖ്യാത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. നോവല്‍ കുറച്ചെഴുതിയിട്ടുണ്ട് എന്നും കാലം മാറുന്നതിന് അനുസരിച്ച് അതിന് കൂടുതല്‍ പ്രസക്തി കൈവരുകയാണ് എന്നും എംടി പറഞ്ഞു. മനോരമ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തില്‍ മകള്‍ അശ്വനി ശ്രീകാന്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (അഭിമുഖത്തിന്റെ ഒരു ഭാഗം മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്)

ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങള്‍ എംടി അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു. ലൈഫ് ഓഫ് എമിലി സോളയാണ് ആദ്യമായി കണ്ട ഇംഗ്ലീഷ് സിനിമ. അന്ന് കോഴിക്കോട്ട് ക്രൗണില്‍ മാത്രമാണ് ഇംഗ്ലീഷ് സിനിമകള്‍ വരുന്നത്. പിന്നെ സ്ഥിരമായി ഇംഗ്ലീഷ് പടങ്ങള്‍ കാണുന്നത് ക്രൗണില്‍ നിന്നാണ്- അദ്ദേഹം പറഞ്ഞു.

ശോഭന പരമേശ്വരന്‍ നായരുമായുള്ള ബന്ധമാണ് സിനിമയിലേക്ക് നയിച്ചത്. അദ്ദേഹം നല്ല വായനക്കാരനായിരുന്നു. ബഷീറിന്റെ അടുത്ത ലോഹ്യക്കാരനും. തൃശൂരുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ പലരും വരും. ഒരിക്കല്‍ സത്യന്‍ മാസ്റ്റര്‍ വന്നിരുന്നു. അദ്ദേഹം സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. അങ്ങനെയാണ് സിനിമയുമായി ബന്ധപ്പെടുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാമൂഴത്തെ കുറിച്ചുള്ള ചോദ്യത്തിന് പല ക്യാറക്ടറും വികസിപ്പിക്കേണ്ടി വന്നു എന്ന് അദ്ദേഹം പറയുന്നു.

‘ അത്യാവശ്യം ചിലതൊക്കെ വന്നിട്ടുണ്ട്. ഘടോല്‍ക്കചന്‍. അത്രയും വലിയൊരു യോദ്ധാവായിരുന്നു. അതുകൊണ്ട് അതു കുറച്ചുകൂടി വികസിപ്പിച്ചിട്ടുണ്ട്. പിന്നെ കീചകന്‍. നമ്മള്‍ ശ്രദ്ധയാകര്‍ഷിക്കാതെ പോയ ഒരു ക്യാരക്ടറാണ്. പിന്നെ ഭീമന്റെ ഭാര്യ ബലന്ധര. ബലന്ധരയെ ഞാന്‍ കുറച്ചുകൂടി ഡവലപ് ചെയ്തിട്ടുണ്ട്. കുന്തിയെയും ഡവലപ് ചെയ്തു. വ്യാസന്‍ ഋഷിതുല്യനായ ആളാണ്. പക്ഷേ, ബലന്ധര ഒരിക്കലും വെളിച്ചം കണ്ടിട്ടില്ല. ബലന്ധര കുറച്ചുകൂടി ശ്രദ്ധയാകര്‍ഷിക്കണമെന്ന് എനിക്കു തോന്നി. അതിനുവേണ്ടി അത്രയും വര്‍ക്ക് തയാറാക്കിയെന്നുള്ളതാണ്. ഞാന്‍ കുറെ വായിച്ചു നോട്ട് എടുത്തതാണ്. അപ്പോള്‍ ബലന്ധരയെ കുറച്ചുകൂടി വലുതാക്കണമെന്നു തോന്നി’ – അദ്ദേഹം പറഞ്ഞു. തിരക്കഥയ്ക്ക് വേണ്ടി കൂടുതലായൊന്നും റഫര്‍ ചെയ്യേണ്ടി വന്നില്ല എന്നും നോവലിനു വേണ്ടി അന്നു ചെയ്ത റഫറന്‍സ് ഉപകാരപ്പെട്ടു എന്നും അദ്ദേഹം പറയുന്നു.

Test User: