X

എം.ടി; കാലം കോര്‍ത്തുകെട്ടിയ കണ്ണാന്തളിപ്പൂക്കള്‍

വാസുദേവന്‍ കുപ്പാട്ട്

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 84 വയസ് തികയുന്നു. ആയിരം പൂര്‍ണ ചന്ദ്രന്മാരെ ദര്‍ശിച്ചതിന്റെ പുണ്യം ലോകമെമ്പാടുമുള്ള മലയാളികള്‍ പങ്കുവെക്കുന്ന ദിനമാണിന്ന്. എം.ടി അത്രയും പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ചിട്ടുണ്ടാവില്ല. അതിന് അദ്ദേഹത്തിന് സമയം കിട്ടി കാണില്ല. എന്നാല്‍ ഒരായിരം പൂര്‍ണ ചന്ദ്രന്മാരുടെ ശോഭ അദ്ദേഹത്തിന്റെ കൃതികളില്‍ ഓളംവെട്ടുന്നു എന്ന കാര്യം നിഷേധിക്കാനാവില്ല. കൂടല്ലൂര്‍ എന്ന പാലക്കാടന്‍ ഗ്രാമത്തില്‍ നിന്ന് വരുന്ന ഈ എഴുത്തുകാരന്‍ സ്വന്തം നാട്ടില്‍ നിന്നാണ് ഭൂരിഭാഗം കഥാപാത്രങ്ങളെയും കഥാതന്തുക്കളെയും കൂട്ടിക്കൊണ്ടുവന്നത്. മനുഷ്യമനസ്സിന്റെ നിഗൂഢതകള്‍ തേടി കൂടല്ലൂരിലെ കുന്നിന്‍പുറങ്ങളിലും ഇടവഴികളിലും ആയിരിക്കും എം.ടി കൂടുതല്‍ സഞ്ചരിച്ചിട്ടുണ്ടാവുക. ഗ്രാമീണ ജീവിതത്തിന്റെ സഞ്ചിത സംസ്‌കാരം തന്നെയായിരുന്നു സാഹിത്യത്തില്‍ എം.ടിയുടെ പ്രധാന മൂലധനം.

അവിടെ നിര്‍മലമായ സ്‌നേഹമുണ്ട്. കാമത്തിന്റെ വേഷം കെട്ടിയ പ്രേമമുണ്ട്. വൈരാഗ്യവും വാശിയും വേണ്ടുവോളം കാണാം. പൂത്തുലയുന്ന മനസ്സുകളും നിരാശയുടെ ഗര്‍ത്തങ്ങളിലേക്ക് താഴുന്ന ആത്മാവുകളും കൂടല്ലൂര്‍ പതിപ്പുകള്‍ എം.ടിയുടെ രചനാലോകത്ത് എമ്പാടും കാണാം. എം.ടി സൃഷ്ടിച്ച കഥാപാത്രങ്ങള്‍ പലപ്പോഴും അഭൗമ തലങ്ങളിലേക്ക് നീങ്ങി. സാധാരണ മനുഷ്യരായ അവര്‍ അസാധാരണമായ വാക്കുകള്‍ ഉരിയാടി. ഒരു തരത്തില്‍ ലോകത്തിന് മുമ്പേ നടന്നു.

സ്വന്തം ബാല്യത്തിന്റെ മാത്രമല്ല, യൗവനത്തിന്റെ കഥയും എം.ടി തന്റെ രചനകളിലൂടെ പറഞ്ഞിട്ടുണ്ട്. കൂടല്ലൂര്‍ മാത്രമല്ല, പാലക്കാട് ജില്ലയിലെ ഏതൊരു ഗ്രാമത്തിന്റെയും കഥയാണ് നാലുകെട്ട്, അസുരവിത്ത്, കാലം തുടങ്ങിയ നോവലുകളില്‍ തെളിയുന്നത്. കൃഷിയിറക്കുന്നതിന്റെ ദൃശ്യങ്ങളും കൊയ്ത്തു കാലത്തിന്റെ ആഹ്ലാദവും ഇവിടെ കാണാം. ജന്മിത്ത സമ്പ്രദായത്തിന്റെ അവസാന കാലയളവിലാണ് എം.ടിയുടെ ജനനം. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോള്‍ ജന്മിത്തം ക്ഷയിച്ചു. വലിയ തറവാടുകളില്‍ ജീവിതം കഷ്ടത്തിലായി. ബ്രാഹ്മണ മേധാവിത്വത്തിന് ഉലച്ചില്‍ തട്ടി. ഫ്യൂഡലിസത്തിന്റെ തകര്‍ച്ച നാലുകെട്ട് എന്ന നോവലില്‍ കാണുന്നു. പണവും സമ്പത്തും നേടുന്ന അപ്പുണ്ണി നാലുകെട്ട് വിലക്ക് വാങ്ങുന്നത് അമ്മയോടുള്ള കടമ തീര്‍ക്കാന്‍ മാത്രമല്ല. അതുവരെയുള്ള അധികാര വര്‍ഗത്തോടുള്ള പ്രതിഷേധം അറിയിക്കാന്‍ കൂടിയാണ്.


അസുരവിത്തിലെ(1962) ഗോവിന്ദന്‍ കുട്ടിയും അധികാര കേന്ദ്രങ്ങളോടാണ് പോരാട്ടം നടത്തുന്നത്. സ്‌നേഹത്തിന്റെയും പരിഗണനയുടേയും തുരുത്ത് തേടിയുള്ള യാത്രയില്‍ ഗോവിന്ദന്‍കുട്ടിക്ക്് കുഞ്ഞരയ്ക്കാര്‍ എന്ന മാപ്പിളയുടെ കുടിലില്‍ അഭയം തേടേണ്ടിവരുന്നു. ജാതിയോ മതമോ ഇവിടെ പ്രശ്‌നമാവുന്നില്ല. മനുഷ്യത്വം മാത്രമേ കുഞ്ഞരയ്ക്കാറിന്റെ കുടിലില്‍ പുലരുന്നുള്ളു. നാട്ടില്‍ കോളറ പടര്‍ന്നുപിടിക്കുമ്പോള്‍ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് പലരും കടന്നുപോകുമ്പോള്‍ മരിച്ചവരെ മറവ് ചെയ്യാനും രോഗം തളര്‍ത്തിയവരെ രക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ഗോവിന്ദന്‍കുട്ടി മാനുഷിക മൂല്യങ്ങളുടെ പുതിയ പാത വെട്ടിതെളിയിക്കുകയാണ്.

കാലം എന്ന നോവലില്‍ എത്തുമ്പോള്‍ യുവാക്കളുടെ സ്വത്വപ്രതിസന്ധി തന്നെയാണ് എം.ടി ചര്‍ച്ച ചെയ്യുന്നത്. സേതുവിന്റെയും സുമിത്രയുടെയും കഥ യുവാക്കളെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്. മനുഷ്യന്റെ സ്വാര്‍ത്ഥത പല രൂപങ്ങളില്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നു. യുവമനസ്സിന്റെ ആസക്തിയും ആഗ്രഹങ്ങളും പ്രതിഷേധവും മിന്നിമറയുന്നു. സേതുവിന്റെ കൗമാര ഭാവനകളെ ഉന്മാദമണിയിച്ച സുമിത്രയെ സേതു പിന്നീട് മനസ്സുകൊണ്ട് ഉപേക്ഷിക്കുകയാണ്. പിന്നീട് ബന്ധുവായ തങ്കമണിയെ കാമുകിയായി സ്വീകരിക്കുന്നു. ജീവിതത്തിന്റെ നാനാവിധമായ നൂലാമാലകളില്‍പെട്ട് നാട്ടില്‍ മടങ്ങിയെത്തുന്ന സേതു തനിച്ച് താമസിക്കുന്ന സുമിത്രയെ കാണുന്ന രംഗം അവിസ്മരണീയമാണ്. ഒരു തരത്തിലുള്ള ആത്മീയതയുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന സുമിത്രയോട്് സേതുവിന് വീണ്ടും പറയാനുള്ളത് തന്റെ ഇഷ്ടത്തെക്കുറിച്ചാണ്. ‘എനിക്ക് നിന്നെ ഇഷ്ടമായിരുന്നു….’പ്രണയം വര്‍ത്തമാനകാലം കടന്ന് ഭൂതകാലത്തിലേക്ക് എത്തിയിരിക്കുന്നു. അപ്പോള്‍ സുമിത്ര പറയുന്ന വാചകം ഇന്നും ജീവിതത്തെ സംബന്ധിക്കുന്ന മികച്ച ഉദ്ധരണിയായി നിലകൊള്ളുന്നു: ‘സേതൂന്ന് എന്നും ഒരാളോടെ ഇഷ്ടമുണ്ടായിരുന്നുള്ളു. സേതുവിനോട് മാത്രം!.’ ഇത്രമാത്രം മനസ്സിനെ അപഗ്രഥിക്കുന്ന സംഭാഷണം മലയാളത്തില്‍ മറ്റെവിടെയും കണ്ടുകിട്ടാന്‍ ഇടയില്ല.

രണ്ടാമൂഴത്തിലെ ഭീമനെ അവതരിപ്പിക്കുമ്പോഴും രണ്ടാംസ്ഥാനക്കാരനായ മനുഷ്യന്റെ അപകര്‍ഷതാബോധം നിഴലിട്ടു നില്‍ക്കുന്നത് കാണാം. സ്വന്തം രക്തത്തില്‍ പിറന്ന ഘടോല്‍കചന്‍ യുദ്ധത്തില്‍ മരിക്കുമ്പോള്‍, ജീര്‍ണവസ്ത്രം ഉപേക്ഷിച്ച് പുതുവസ്ത്രം ധരിക്കുന്ന ആത്മാവിനെ പറ്റി കൃഷ്ണന്‍ പറയും. എന്നാല്‍ തത്വവിചാരത്തില്‍ ആശ്വാസം കൊള്ളാന്‍ ഭീമനിലെ പിതാവിന് സാധിക്കുന്നില്ല. അയാള്‍ വല്ലാതെ നൊമ്പരപ്പെടുന്നു. ദ്രൗപദിക്കുവേണ്ടി കല്യാണ സൗഗന്ധികം തേടിപ്പോയ കഥയും പുരാണത്തില്‍ പ്രസിദ്ധമാണ്. എന്നാല്‍ എം.ടി ആ സന്ദര്‍ഭത്തെയും പുതുക്കി പണിയുകയുണ്ടായി. പൂക്കള്‍ എടുത്ത് വാസനിക്കാതെ പുഴയില്‍ ഒഴുക്കികളയുകയാണ് ദ്രൗപദി!

ഇപ്രകാരം പുരാണകഥ പറയുമ്പോഴും ആധുനിക മനുഷ്യന്‍ നേരിടുന്ന അസ്വസ്ഥതകള്‍ കൂട്ടിയിണക്കാന്‍ എം.ടിക്ക് സാധിക്കുന്നു. വള്ളുവനാടന്‍ ഗ്രാമത്തിന്റെ നേര്‍ചിത്രങ്ങള്‍ എം.ടിയുടെ പല ചെറുകഥകളിലും കാണാം. കന്നുപൂട്ടലിന്റെയും വിത്തിറക്കലിന്റെയും ആഘോഷങ്ങള്‍, ഉത്സവത്തിന്റെ ഉന്മേഷാവസരങ്ങള്‍, വിഷുവിന് പടക്കം പൊട്ടിക്കുന്നതിന്റെ ആഹ്ലാദം. എല്ലാ വിശേഷദിവസങ്ങളും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. ഒരു പിറന്നാളിന്റെ ഓര്‍മ എന്ന കഥയില്‍ പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ ഒരു കൂട്ട് പായസം നേര്‍ന്നതിന് നെല്ല് നല്‍കാന്‍ അമ്മാവനോട് അഭ്യര്‍ത്ഥിക്കുന്ന അമ്മയെ കുട്ടി ഓര്‍ക്കുന്നു.നെല്ല് നല്‍കിയില്ല. തര്‍ക്കുത്തരം പറഞ്ഞതിന് അമ്മക്ക് പ്രഹരം കി്ട്ടുകയും ചെയ്തു. അന്ന് പിറന്നാള്‍ ആഘോഷം ഉണ്ടായില്ല. വര്‍ഷം 22 കഴിഞ്ഞു. സ്വന്തം നിലയില്‍ വലിയ ആളായിട്ടും പിന്നീട് പിറന്നാള്‍ ആഘോഷിക്കാന്‍ അയാള്‍ക്ക് തോന്നിയില്ല. ഇപ്രകാരം തറവാടുകളിലെ വിവേചനം വ്യക്തമാക്കുന്ന കഥകള്‍ എം.ടി എഴുതിയിട്ടുണ്ട്.

കര്‍ക്കിടകം എന്ന കഥയിലും ക്ഷയിച്ച തറവാടിന്റെ ദൃശ്യങ്ങള്‍ കാണാം. സ്‌കൂള്‍ വിട്ടുവന്നാല്‍ ഒന്നും കഴിക്കാനുണ്ടാവില്ല. രാത്രി ചോറിന് അരിയിടുന്നത് കാത്തിരിക്കും. അരി വേവുമ്പോള്‍ തന്നെ കഞ്ഞി പകര്‍ന്നു തരാം എന്ന അമ്മയുടെ വാക്ക് വിശ്വസിച്ചാണ് കുട്ടി കാത്തിരിക്കുക. അവിചാരിതമായി എത്തുന്ന വിരുന്നുകാര്‍ ചിലപ്പോള്‍ എല്ലാ പ്രതീക്ഷയേയും തകര്‍ക്കും. വിശപ്പിനെ ആട്ടിയകറ്റാനുള്ള ശ്രമം എന്ന നിലയില്‍ കുട്ടി പറമ്പിലൊക്കെ നടന്നുനോക്കുന്നു. ഒരു മാങ്ങ വീണുകിടക്കുന്നത് കണ്ടപ്പോള്‍ വലിയ ആഹ്ലാദവും ആശ്വാസവും തോന്നി. കാലുകൊണ്ട് തട്ടിമാറ്റിയപ്പോള്‍ വവ്വാലോ മറ്റോ കടിച്ചീമ്പിയ മാങ്ങയുടെ തോലാണെന്ന് വ്യക്തമായി. തറവാട്ടില്‍ വിരുന്നുവന്ന കാരണവരുടെ മേനി പറച്ചിലും മാങ്ങയുടെ അവസ്ഥയും ഒരുപോലെയെന്നാണ് കഥാകൃത്ത് സൂചിപ്പിക്കുന്നത്. തറവാടിത്ത ഘോഷണം വെറും കഥ. ദന്തഗോപുരങ്ങളുടെ ഉള്ള് പൊള്ളയാണ് എന്നാണ് ഈ കഥ വായനക്കാരോട് പറയുന്നത്.


നോവലും കഥയും മാത്രമല്ല തിരക്കഥയിലും സംവിധാനത്തിലും എം.ടി മലയാളത്തിന്റെ അഭിമാനമായി. 1964ല്‍ മുറപ്പെണ്ണ് എന്ന ചലച്ചിത്രത്തിന് തിരക്കഥ തയാറാക്കിയ എം.ടി 1973ല്‍ നിര്‍മാല്യം സംവിധാനം ചെയ്തു സിനിമയില്‍ കൂടുതല്‍ സജീവമായി. പി.ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം രാജ്യാന്തര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. സ്വന്തം നോവലായ മഞ്ഞ് ചലച്ചിത്രമായതും എം.ടിയുടെ സംവിധാനമികവിലായിരുന്നു. കടവ് എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധാനമുദ്ര പതിപ്പിക്കാന്‍ എം.ടിക്ക് സാധിച്ചു.

വളര്‍ത്തുമൃഗങ്ങള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ആരൂഢം, ഇരുട്ടിന്റെ ആത്മാവ്, ബന്ധനം, വാരിക്കുഴി, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, അടിയൊഴുക്കുകള്‍, പരിണയം, വൈശാലി, പെരുന്തച്ചന്‍ എന്നിങ്ങനെ എം.ടിയുടെ മാസ്റ്റര്‍പീസ് തിരക്കഥകള്‍ ഏറെയുണ്ട്.
കൂടല്ലൂരില്‍ നിന്നാണ് എം.ടി കഥകള്‍ മെനയുന്നതെങ്കിലും കോഴിക്കോട് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രണ്ടാം ജന്മദേശമാണ്. കോഴിക്കോട്ടെ അടുത്ത സുഹൃത്തായി മാറിയ എന്‍.പി മുഹമ്മദുമായി ചേര്‍ന്ന് അറബിപ്പൊന്ന് എന്ന നോവല്‍ എഴുതാന്‍ എം.ടി സന്നദ്ധനായി എന്നതില്‍തന്നെ ആ സൗഹൃദത്തിന്റെ ഇഴയടുപ്പം കാണാം. മാതൃഭൂമി ആഴ്ചപതിപ്പിന്റെ പത്രാധിപര്‍ എന്ന നിലയില്‍ നിരവധി എഴുത്തുകാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ എം.ടിക്ക് സാധിച്ചു. എസ്.കെ പൊറ്റക്കാട്, ഉറൂബ്, തിക്കോടിയന്‍, കെ.എ കൊടുങ്ങല്ലൂര്‍, പട്ടത്തുവിള കരുണാകരന്‍, പുതുക്കുടി ബാലചന്ദ്രന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ എം.ടിയുടെ സാഹിത്യരചനക്ക് പ്രേരണയായി. വൈക്കം മുഹമ്മദ് ബഷീറിനെ ഗുരുവായാണ് എം.ടി കണ്ടത്.
കൂടല്ലൂരിലെ ഒരു സാധാരണ കുടുംബത്തിലാണ് എം.ടി ജനിച്ചത്. മാടത്ത് തെക്കെപ്പാട്ട് അമ്മാളു അമ്മയുടെയും പുന്നയൂര്‍കുളം നാരായണന്‍ നായരുടെയും മകനായി 1933 ജൂലൈ 15നാണ് ജനനം. സഹോദരങ്ങളായ ഗോവിന്ദന്‍നായര്‍, ബാലകൃഷ്ണന്‍നായര്‍, നാരായണന്‍നായര്‍ എന്നിവരോടൊപ്പമുള്ള പഠനകാലമാണ് എം.ടി സാഹിത്യത്തില്‍ തല്‍പരനാവുന്നത്. ആദ്യം എഴുതിതുടങ്ങിയത് കവിതകളായിരുന്നു. പിന്നീട് കഥയുടെ ലോകത്തേക്ക് തിരിഞ്ഞു. സഹോദരങ്ങളാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നാരായണന്‍നായര്‍ എം.ടി.എന്‍ നായര്‍ എന്ന പേരില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നല്ല വായനക്കാരനും വിവര്‍ത്തകനുമായിരുന്നു.

1995ല്‍ ജ്ഞാനപീഠം നേടിയ എം.ടിയെ 2005ല്‍ പത്മഭൂഷന്‍ നല്‍കി രാഷ്ട്രം ആദരിച്ചു. കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2011ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി എം.ടിയെ ആദരിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കുള്ള ജെ.സി ഡാനിയല്‍ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.
എം.ടിയെ പറ്റി ധാരാളം പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അസംഖ്യം അഭിമുഖങ്ങള്‍ മാധ്യമത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ജന്മദിനം ആഘോഷിക്കുന്ന പതിവ് എം.ടിക്കില്ല. അതിനാല്‍ ഇന്ന് കൊട്ടാരം റോഡിലെ സിതാര എന്ന അദ്ദേഹത്തിന്റെ വസതിയില്‍ ആഘോഷങ്ങളൊന്നും ഉണ്ടാവില്ല. സുഹൃത്തുക്കളും ആരാധകരും ഫോണ്‍ വിളിച്ചെന്നുവരും. ഏതാനും വാക്കുകളില്‍ എം.ടി സംഭാഷണം അവസാനിപ്പിക്കും. ശതാഭിഷേക വേളയിലും അതിന് വ്യത്യാസമുണ്ടാകാന്‍ ഇടയില്ല. അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ ധരിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ നീര്‍ച്ചാലായി ഒഴുകുന്ന ഭാരതപ്പുഴയെയാണ് എനിക്കിഷ്ടം എന്ന് പ്രഖ്യാപിച്ച എം.ടി കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് പുറപ്പെട്ട സാഹിത്യ ജൈത്രയാത്ര ഇന്നും തുടരുകയാണ്. ശതാഭിഷിക്തനാകുന്ന എം.ടിക്ക് ആശംസകള്‍ നേര്‍ന്ന് സഹൃദയലോകം കൂടെയുണ്ട്.

chandrika: