X
    Categories: More

എംഎസ്എഫ് സമര വിജയം: വെള്ളാപ്പള്ളി കോളജ് വിദ്യാര്‍ത്ഥികള്‍ ജുമുഅ നമസ്‌ക്കരിച്ചു

ആലപ്പുഴ: എംഎസ്എഫ് നടത്തിയ സമരത്തിന് വിജയം. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍  കട്ടച്ചറി മസ്ജിദില്‍ ഇന്ന്‌ ജുമുഅ നമസ്‌കരിച്ചു. ആഴ്ചകളായി നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് എട്ട് വര്‍ഷമായി തുടരുന്ന നമസ്‌കാര വിലക്ക് പിന്‍വലിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായത്.

കോളജ് അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എംഎസ്എഫ്, യൂത്ത്‌ലീഗ് നേതാക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ജുമുഅ നമസ്‌കാരത്തിനായി കോളജില്‍ നിന്നും പോയത്. കട്ടച്ചിറ ജുമുഅ മസ്ജിദിലാണ് വിദ്യാര്‍ത്ഥികള്‍ ജുമുഅ നമസ്‌കാരിച്ചത്. യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. ബിജു, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ബാദുഷ, യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജഹാന്‍, സെക്രട്ടറി അമീന്‍ മനയശ്ശേരി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.
കട്ടച്ചിറയിലെ ജുമുഅ നിരോധനത്തിന് എതിരെ എംഎസ്എഫ് സമരം നടത്തി വരികയായിരുന്നു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം നടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ നമസ്‌കരിക്കാന്‍ വിടാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ തൊട്ടടുത്ത വെള്ളിയാഴ്ച കോളജിലെത്തിയ എംഎസ്എഫ് ജില്ലാ ട്രഷറര്‍ അന്‍ഷാദ് ഉള്‍പ്പെടെയുള്ളവരെ പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ധിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്.

തുടര്‍ന്ന് ശക്തമായി സമരവും നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ എംഎസ്എഫ്, യൂത്ത്‌ലീഗ്, മുസ്‌ലിംലീഗ് നേതൃത്വങ്ങള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ നമസ്‌കരിക്കാന്‍ വിടാന്‍ മാനേജ്‌മെന്റ് തയാറായത്. സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഹാജി. എം. ഇസ്മയില്‍ കുഞ്ഞ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എ. എം നസീര്‍, ട്രഷറര്‍ അഡ്വ. എച്ച്. ബഷീര്‍കുട്ടി, സംസ്ഥാന കൗണ്‍സില്‍ അംഗം എം. സൈഫുദ്ദീന്‍കുഞ്ഞ്, കായംകുളം മണ്ഡലം പ്രസിഡന്റ് ജെ. മുഹമ്മദ് കുഞ്ഞ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിദ്യാര്‍ത്ഥികളുടെ അവകാശസംരക്ഷണത്തിനായി എത്തിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് എന്നും എംഎസ്എഫ് മുന്നില്‍ ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈറും ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാടും പ്രസ്താവിച്ചു. വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് എംഎസ്എഫ് നടത്തിയ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ജുമുഅ നമസ്‌കരിക്കാന്‍ മാനേജ്‌മെന്റ് അനുമതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.

chandrika: